മണിപ്പൂരിലെ ഗ്രാമത്തിൽ തീവ്രവാദി ആക്രമണം; മുഖ്യമന്ത്രിയെ മാറ്റണമെന്ന് 19 ബി.ജെ.പി എം.എൽ.എമാർ

ഇംഫാൽ: മണിപ്പൂരിലെ ജിരിബാം ജില്ലയിലെ ഗ്രാമത്തിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സംഘർഷം. ബൊറൊബെക്ര പൊലീസ്‍ സ്റ്റേഷനടുത്തുള്ള ഗ്രാമത്തിലാണ് തീവ്രവാദികൾ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് പുലർച്ച അഞ്ചുമണിക്ക് ആക്രമണം നടത്തിയത്. ബോംബേറും നടത്തി. സി.ആർ.പി.എഫും പൊലീസും തിരിച്ചടിച്ചതോടെ കനത്ത ഏറ്റുമുട്ടലുണ്ടായി. കൂടുതൽ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ പ്രായമായവരെയും കുട്ടികളെയും പൊലീസ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഈ മേഖലയിൽ മുമ്പും സമാനമായ നിരവധി ആക്രമണങ്ങൾ നടന്നിരുന്നു. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാനായി ന്യൂഡൽഹിയിൽ മെയ്തി, കുക്കി വിഭാഗങ്ങളുടെ എം.എൽ.എമാർ യോഗം ചേർന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് പുതിയ സംഭവം.

അതിനിടെ ജിരിബാമിൽ സ്വകാര്യ സ്കൂളിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ വസ്തുവകകൾ കത്തിനശിച്ചു. 

മുഖ്യമന്ത്രിയെ മാറ്റണമെന്ന് 19 ബി.ജെ.പി എം.എൽ.എമാർ

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെ മാറ്റണമെന്നാവശ്യപ്പെട്ട് 19 ബി.ജെ.പി എം.എൽ.എമാർ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കലാപം 16 മാസം പിന്നിട്ട സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇതല്ലാതെ വഴിയില്ലെന്നും മുഖ്യമന്ത്രി മാറിയില്ലെങ്കില്‍ സഖ്യകക്ഷി എം.എല്‍.എമാര്‍ രാജിവെക്കുമെന്ന മുന്നറിയിപ്പുണ്ടെന്നും കത്തിൽ പറയുന്നു. അതിനിടെ പ്രതിപക്ഷം മുന്നോട്ടുവെക്കുന്ന ആവശ്യം ബി.ജെ.പി എം.എൽ.എമാര്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. 

Tags:    
News Summary - Terrorist attack on village in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.