ബംഗളൂരു: കേരളത്തിൽനിന്ന് കർണാടകയിലേക്കു വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നിയമം കർശനമാക്കി കർണാടക. കൂടുതൽ പേർ എത്തുന്ന ബംഗളൂരു കോർപറേഷൻ പരിധിയിലാണ് ചൊവ്വാഴ്ച രാവിലെ മുതൽ കർശന പരിശോധന ആരംഭിച്ചത്. ചൊവ്വാഴ്ച രാവിലെ ബംഗളൂരുവിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും ബസ് ടെർമിനലുകളിലും എത്തിയ യാത്രക്കാരുടെ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു.
ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റില്ലാതെ ട്രെയിനിലും ബസിലുമായി ബംഗളൂരുവിലെത്തിയ നിരവധി പേരുടെ സ്രവ സാമ്പ്ൾ ശേഖരിച്ചശേഷമാണ് വീടുകളിലേക്ക് അയച്ചത്. പരിശോധനഫലം വരുന്നതുവരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് നിർദേശം. പോസിറ്റിവായാൽ താമസിക്കുന്ന സ്ഥലം സീൽ ചെയ്യും.
നിയന്ത്രണം കർശനമാക്കിയതോടെ ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ബസ് സർവിസുകൾ കേരള ആർ.ടി.സി റദ്ദാക്കി. ചൊവ്വാഴ്ച കേരളത്തിലേക്കുള്ള അഞ്ചു ബസുകളുടെ സർവിസാണ് ആളുകൾ കുറഞ്ഞതോടെ റദ്ദാക്കിയത്. ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും തിരിച്ചടിയായിട്ടുണ്ട്. േലാക്ഡൗൺ ഇളവുകൾക്കുശേഷം പ്രതിദിനം 15 സർവിസുകളാണ് കേരള ആർ.ടി.സി നടത്തിയിരുന്നത്. ആളുകൾ കുറഞ്ഞതോടെ കർണാടക ആർ.ടി.സിയും സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ഒാണക്കാലം അടുത്തിരിക്കെയുള്ള നിയന്ത്രണം അന്തർസംസ്ഥാന ബസ് സർവിസുകളെ കാര്യമായി ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.