ബംഗളൂരു: തന്നെ മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിൽനിന്നുള്ള നേതാക്കൾ 2,500 കോടി ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. ബെളഗാവി രാംദുർഗിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ ചേർന്ന് ജീവിതം നശിപ്പിക്കരുതെന്ന് ജനങ്ങളോട് ഉപദേശം നൽകിയ ശേഷമായിരുന്നു വിവാദ വെളിപ്പെടുത്തൽ.
'രാഷ്ട്രീയത്തിൽ പലതരത്തിലുള്ള വഞ്ചനകളുമുണ്ടാകും. നിങ്ങളെ ഡൽഹിയിൽ കൊണ്ടുപോകാം, സോണിയ ഗാന്ധി, ജെ.പി. നഡ്ഡ, തുടങ്ങിയവരെ പരിചയപ്പെടുത്തിത്തരാം തുടങ്ങിയ വാഗ്ദാനങ്ങളുണ്ടാവും. അവരുടെ കെണിയിൽ നിങ്ങൾ വീഴരുത്. അടൽ ബിഹാരി ബാജ്പേയിയെ പോലുള്ള മഹാനായ നേതാക്കൾക്ക് കീഴിൽ ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എൽ.കെ. അദ്വാനി, രാജ്നാഥ് സിങ്, അരുൺ ജെയ്റ്റ്ലി തുടങ്ങിയവരോട് അടുത്തുപ്രവർത്തിച്ചിട്ടുണ്ട്. എന്നിട്ടും അവർ എന്നോട് മുഖ്യമന്ത്രിയാവാൻ 2,500 കോടി ആവശ്യപ്പെട്ടത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുൻമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ കടുത്ത വിമർശകൻ കൂടിയായ യത്നാൽ യെദിയൂരപ്പയെയും മകനെയും പ്രസംഗത്തിൽ കുറ്റപ്പെടുത്താൻ മറന്നില്ല. എസ്.ഐ നിയമന പരീക്ഷ ക്രമക്കേടിൽ സമ്മർദത്തിലായ ബൊമ്മൈ സർക്കാറിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് ബി.ജെ.പി എം.എൽ.എയുടെ വിവാദ വെളിപ്പെടുത്തൽ. യത്നാലിന്റെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷമായ കോൺഗ്രസ് വിഷയം ഏറ്റുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.