ന്യൂഡൽഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ടോപ് ഗിയറിലാക്കി ആദ്യഘട്ടത്തിന് കൊട്ടിക്കലാശം. കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്നാട് അടക്കം 21 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിന്റെ പ്രചാരണം ബുധനാഴ്ച വൈകീട്ട് സമാപിച്ചു. 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണത്തിനുശേഷം വെള്ളിയാഴ്ച വോട്ടെടുപ്പ്.
തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളിലും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. അഞ്ചു സീറ്റുള്ള ഉത്തരാഖണ്ഡ്, രണ്ടു സീറ്റുള്ള അരുണാചൽ പ്രദേശ്, മേഘാലയ, ഒറ്റ സീറ്റ് മാത്രമുള്ള ലക്ഷദ്വീപ്, പുതുച്ചേരി, മിസോറാം, നാഗാലാന്റ്, സിക്കിം, അന്തമാൻ-നികോബാർ എന്നിവിടങ്ങളിലേക്കും 19ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാവും.
കലാപം കത്തിയ മണിപ്പൂരിലെ രണ്ടു സീറ്റിലേക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പുണ്ട്. ഏഴു ഘട്ടത്തിലും വോട്ടെടുപ്പുള്ള സംസ്ഥാനങ്ങളാണ് യു.പി, ബിഹാർ, പശ്ചിമ ബംഗാൾ എന്നിവ. യു.പിയിൽ എട്ടും ബിഹാറിൽ നാലും പശ്ചിമ ബംഗാളിൽ മൂന്നും സീറ്റുകളിലേക്കാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്.
രാജസ്ഥാനിൽ 12 സീറ്റിലേക്കും മഹാരാഷ്ട്രയിൽ അഞ്ചിടത്തേക്കും മധ്യപ്രദേശിൽ ആറിടത്തേക്കുമുള്ള പ്രചാരണത്തിന് ബുധനാഴ്ച കൊടിയിറങ്ങി. ജമ്മു-കശ്മീർ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി മുറിച്ചതിനുശേഷമുള്ള ലോക്സഭ തെരഞ്ഞെടുപ്പിൽ, അവിടത്തെ ഒരു സീറ്റിലേക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പുണ്ട്. ത്രിപുരയിൽ ഒരു സീറ്റിലേക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും.
തെരഞ്ഞെടുപ്പ് പ്രവണതകളുടെ ഗതി സൂചിപ്പിക്കുന്ന ആദ്യഘട്ടം എല്ലാ പാർട്ടികൾക്കും നിർണായകം. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി (നാഗ്പൂർ), കിരൺ റിജിജു (അരുണാചൽ വെസ്റ്റ്), സർബാനന്ദ സൊനേവാൾ (ദിബ്രുഗഡ്, അസം), സഞ്ജീവ് ബലിയാൻ (മുസഫർ നഗർ, പടിഞ്ഞാറൻ യു.പി), ഭൂപേന്ദ്ര യാദവ് (ആൾവാർ, രാജസ്ഥാൻ) അർജുന് റാം മേഘ്വാൾ (ബിക്കാനിർ, രാജസ്ഥാൻ), കോൺഗ്രസിലെ കാർത്തി ചിദംബരം (ശിവഗംഗ), കമൽനാഥിന്റെ മകൻ നകുൽ നാഥ് (ചിന്ദ്വാഡ), ഡി.എം.കെയിലെ കനിമൊഴി (തൂത്തുക്കുടി) തുടങ്ങിയവർ ഒന്നാം ഘട്ട സ്ഥാനാർഥികളിൽ പ്രമുഖരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.