ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെയും തെരഞ്ഞെടുപ്പ് കമീഷണർമാരുടെയും നിയമനം പൂർണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കുന്ന വിവാദ ബിൽ രാജ്യസഭ പാസാക്കി. തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തിയാണ് നിയമമന്ത്രി അർജുൻ സിങ് മേഘ്വാൾ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്.
കാബിനറ്റ് മന്ത്രിയെ മാറ്റി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതന്നെ സമിതി അംഗമാക്കണമെന്നും ബിൽ രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷ ഭേദഗതികൾ രാജ്യസഭ ശബ്ദവോട്ടിനിട്ടു തള്ളി. സുപ്രീംകോടതി വിധിയുടെ ചൈതന്യത്തിന് വിരുദ്ധമായ ബില്ലിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷനേതാവും അടങ്ങുന്ന മൂന്നംഗ സമിതിയെ തെരഞ്ഞെടുപ്പ് കമീഷനെ തെരഞ്ഞെടുക്കാൻ നിയോഗിച്ചിരുന്നത്. അതിൽനിന്നാണ് ചീഫ് ജസ്റ്റിസിനെ മാറ്റി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ആക്കിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ പ്രധാനമന്ത്രിയുടെ കൈയിലെ പാവയാക്കി മാറ്റുകയാണെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെയും പ്രമുഖ നിയമജ്ഞരുടെയും പരാതികൾ തള്ളിയാണ് ഈ നടപടി. ബി.ജെ.പിക്ക് വൻ ഭൂരിപക്ഷമുള്ള ലോക്സഭ അനായാസം കടക്കുന്നതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ, മറ്റു കമീഷണർമാർ (നിയമനവും സേവന, കാലയളവ് വ്യവസ്ഥകളും) ബിൽ 2023 നിയമമാകും. കേരളത്തിൽനിന്ന് ജോൺ ബ്രിട്ടാസും ഡോ. ശിവദാസും അവതരിപ്പിച്ച ഭേദഗതികൾ സഭ ശബ്ദവോട്ടിനിട്ട് തള്ളിയപ്പോൾ കെ.സി. വേണുഗോപാലും എളമരം കരീമും നിർദേശിച്ച ഭേദഗതികൾ ഇരുവരും സഭയിൽ ഹാജരില്ലാത്തതിനാൽ പരിഗണിച്ചില്ല. മൂന്നംഗ സെലക്ഷൻ കമ്മിറ്റിക്ക് പേരുകൾ നാമനിർദേശം ചെയ്യാൻ കേന്ദ്ര നിയമമന്ത്രിയുടെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റിയുണ്ടാകും. കേന്ദ്ര സർക്കാറിന്റെ സെക്രട്ടറി റാങ്കിൽ കുറയാത്ത രണ്ട് ഉദ്യോഗസ്ഥർ അതിൽ അംഗങ്ങളായിരിക്കും. നേരത്തേ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റിയെ ഉണ്ടാക്കാനായിരുന്നു വ്യവസ്ഥ. പുതിയ ബില്ലിൽ അത് മാറ്റി.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കും മറ്റു കമീഷണർമാർക്കും കാബിനറ്റ് സെക്രട്ടറിയുടെ ശമ്പളം നൽകാനുള്ള തീരുമാനം മാറ്റിയ കേന്ദ്ര സർക്കാർ അവർക്ക് സുപ്രീംകോടതി ജഡ്ജിയുടെ ശമ്പളം നൽകുമെന്ന ഭേദഗതി ബില്ലിൽ കൊണ്ടുവന്നു.
സുപ്രീംകോടതി ജഡ്ജിയെ പദവിയിൽ നിന്ന് നീക്കംചെയ്യാനുള്ള കാരണങ്ങളാലും അതേ രീതിയിലുമല്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യരുതെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. അതേസമയം, മറ്റു തെരഞ്ഞെടുപ്പ് കമീഷണർമാരെ നീക്കംചെയ്യാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ ശിപാർശ മതി.
ഔദ്യോഗിക ഉത്തരവാദിത്ത നിർവഹണത്തിനിടെയുണ്ടാകുന്ന വാക്കുകൾക്കോ പ്രവൃത്തികൾക്കോ എതിരെയുള്ള കോടതി നടപടികളിൽനിന്ന് എല്ലാ കമീഷണർമാർക്കും പ്രത്യേക നിയമപരിരക്ഷയുണ്ടാകും. മോദി സർക്കാറിന്റെ ഭരണത്തിൻ കീഴിൽ എല്ലാ ഭരണഘടന സംവിധാനങ്ങളും നിഷ്പക്ഷമാക്കിയതുപോലെ ഈ ബില്ലിലൂടെ തെരഞ്ഞെടുപ്പ് കമീഷനെയും നിഷ്പക്ഷമാക്കുകയാണ് ചെയ്തതെന്ന് നിയമമന്ത്രി അർജുൻ സിങ് മേഘ്വാൾ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.