ന്യൂഡൽഹി: സ്കൂൾ തുറക്കണമെന്നു പറയാൻ തങ്ങൾക്കാവില്ലെന്ന് സുപ്രീംകോടതി. സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ എത്രയും പെെട്ടന്ന് തീരുമാനമെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകണമെന്ന ആവശ്യം തള്ളിയാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യരീതിയിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം സംസ്ഥാന സർക്കാറുകൾക്ക് വിടുകയാണെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
ഭരണഘടന എന്തു പറയുന്നുവെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിഭാഷകനെ ഉണർത്തി. ഭരണഘടനയുടെ 21എ അനുച്ഛേദ ഭേദഗതി വന്നശേഷം ആറിനും 14നും ഇടയിൽ പ്രായമുള്ള എല്ലാ വിദ്യാർഥികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് ഭരണകൂടത്തിെൻറ ബാധ്യതയാണ്. അത് എങ്ങനെയാണെന്ന് ഭരണകൂടം തീരുമാനിക്കും. സർക്കാറാണ് ആത്യന്തികമായി ഇതിന് ഉത്തരം പറയേണ്ടത്. സ്കൂളിലേക്ക് ക്രമേണ കുട്ടികളെ വിടേണ്ടതുണ്ട് എന്ന കാര്യത്തിലും സർക്കാറിന് ധാരണയുണ്ട്. ഉണ്ടാകാനിടയുള്ള അപകടം വിസ്മരിച്ച് നിങ്ങൾ കുട്ടികളെ സ്കൂളിലേക്ക് അയക്കണം എന്ന് കോടതിവിധിയിലൂടെ സുപ്രീംകോടതിക്ക് അടിച്ചേൽപിക്കാനാവില്ല.
ഭരണഘടനാപരമായ പരിഹാരങ്ങൾ തേടുന്നതിൽ വ്യാപൃതനാകുന്നതിനു പകരം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരജിക്കാരനായ വിദ്യാർഥിയോട് പറയാൻ കുട്ടിയുടെ അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഹരജിക്കാരനായ വിദ്യാർഥിക്ക് തെൻറ ആവലാതി വേണമെങ്കിൽ സംസ്ഥാന സർക്കാറിനു മുന്നിൽ ബോധിപ്പിക്കാമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇൗ ഹരജി തെറ്റായ സ്ഥലത്താണ് വന്നിരിക്കുന്നത്. ഇെതാരു പബ്ലിസിറ്റി ഗിമ്മിക് ആണെന്ന് താൻ പറയുന്നില്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഇത്തരം വിഷയങ്ങളിലൊന്നും വിദ്യാർഥികൾ ഇടപെടേണ്ട കാര്യമില്ല. കേരളത്തിലെ സ്ഥിതിഗതികൾ നോക്കൂ. മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും സ്ഥിതിയാണോ പഞ്ചാബിലും പശ്ചിമ ബംഗാളിലും? -ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
വീട്ടിലുള്ള വിദ്യാർഥികളെ ശാരീരികമായും മാനസികമായും എങ്ങനെ ബാധിച്ചിട്ടുണ്ട് എന്നതിനൊപ്പം സ്കൂളിൽ അവർ തമ്മിൽ ഇടകലർന്നാലുണ്ടാകുന്ന അപകടമെന്തായിരിക്കുമെന്നും നോക്കണം. കുട്ടികൾക്ക് സ്കൂളിൽ പോകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജിക്കാരനായ വിദ്യാർഥി വന്നിരിക്കുന്നത്. കുട്ടികൾ സ്കൂളിൽ പോകേണ്ടതുതന്നെ. എന്നാൽ, കുട്ടികൾക്ക് വാക്സിൻ നൽകേണ്ടതുമായി ബന്ധപ്പെട്ട സാമൂഹിക നയത്തിെൻറ പ്രശ്നവും ഇതിലടങ്ങിയിട്ടുണ്ട് എന്നും സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.