തെലങ്കാനയുടെ വടക്കു കിഴക്കൻ മേഖലയായ ആദിലാബാദ് പതിവില്ലാത്ത പോരാട്ടച്ചൂടിലാണ്. അത്രം സുഗുണയെന്ന ആദിവാസി വനിതാ നേതാവിന്റെ കടന്നുവരവാണ് ആദിലാബാദിന്റെ മത്സരചിത്രം തന്നെ മാറ്റിയത്.
സിറ്റിങ് സീറ്റ് നിലനിർത്താൻ ബി.ജെ.പിയും വിജയസാധ്യത തേടി കോൺഗ്രസും കച്ചമുറുക്കിയതോടെ ദേശീയ നേതാക്കൾ പതിവു സന്ദർശകരായിരിക്കുന്നു. തിരിച്ചുവരവിനായി ബി.ആർ.എസും ഒരു കൈനോക്കുന്നു.
ഒരേ ദിവസം ബി.ജെ.പി നേതാവ് അമിത് ഷായും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. ഇരുവരും സംസാരിച്ചത് സംവരണത്തെക്കുറിച്ച്. എസ്.സി,
എസ്.ടി, ഒ.ബി.സി സംവരണത്തെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്നും കോൺഗ്രസും ബി.ആർ.എസും പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിംകൾക്ക് സംവരണം പറിച്ചുനൽകുകയാണെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്. സംവരണ പരിധി 50 ശതമാനത്തിൽനിന്നുയർത്താൻ മോദിക്ക് ധൈര്യമുണ്ടോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
എന്തുകൊണ്ടാണ് ആദിലാബാദിൽ സംവരണം ഇത്ര ചർച്ചയാകുന്നത്?
പട്ടികവർഗ സംവരണ മണ്ഡലമാണ് ആദിലാബാദ്. മണ്ഡലത്തിലെ പ്രധാന എസ്.ടി വിഭാഗക്കാരായ ആദിവാസി ഗോണ്ടുകളും ലംബാഡ ബൻജാരകളും തമ്മിൽ ഭൂമിയുടെയും വിഭവങ്ങളുടെയും സംവരണത്തിന്റെയും പേരിൽ ദീർഘകാലം നീണ്ട സംഘർഷങ്ങൾ അരങ്ങേറിയിട്ടുണ്ട്.
തങ്ങൾക്കർഹതപ്പെട്ട സർക്കാർ ജോലികളടക്കം അനർഹമായി ലംബാഡകൾ കൈവശപ്പെടുത്തുകയാണെന്നാണ് ഗോണ്ടുകളുടെ വാദം. 1976 മുതൽ ട്രൈബ് വിഭാഗത്തിൽനിന്ന് ലംബാഡകളെ ഒഴിവാക്കിയതാണെന്നും വിദ്യാഭ്യാസ മേഖലയിൽ മാത്രമാണ് അവർക്ക് സംവരണം അനുവദിച്ചിട്ടുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഗോണ്ടുകളെയും ലംബാഡകളെയും തമ്മിലടിപ്പിക്കുന്നതിന് പിന്നിൽ ആദിലാബാദ് ആദിവാസി മേഖലകളിലെ ചില ബിസിനസുകാരുടെ താൽപര്യവും നിലനിൽക്കുന്നുണ്ട്.
2017ൽ മണ്ഡലത്തിലെ ആസിഫാബാദ് ജില്ലയിലെ ഉതനൂരിൽ ഇരുവിഭാഗങ്ങളും തമ്മിൽ വൻസംഘർഷം അരങ്ങേറിയിരുന്നു. 2019ൽ അന്നത്തെ ബി.ജെ.പി എം.പി സോയം ബാപുറാവുവിന്റെ നേതൃത്വത്തിൽ ലക്ഷത്തോളം ആദിവാസികൾ ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ഉതനൂർ സംഘർഷത്തിന്റെ മറവിൽ ആദിവാസികൾക്കിടയിൽ ബി.ജെ.പി സ്വാധീനമുയർത്താൻ ശ്രമിച്ചിരുന്നു.
മണ്ഡലത്തിലെ ജനസംഖ്യ പരിഗണിച്ചാൽ ഗോണ്ടുകൾക്കാണ് സ്വാധീനം കൂടുതൽ. 16.5 ലക്ഷം വോട്ടർമാരിൽ 4.5 ലക്ഷവും പട്ടികവർഗക്കാരാണ്. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ബി.ആർ.എസിന്റെയും സ്ഥാനാർഥികൾ ഗോണ്ട് വിഭാഗക്കാരാണ്. സിറ്റിങ് എം.പി സോയം ബാപു റാമിനെ ഒഴിവാക്കിയാണ് ബി.ആർ.എസിൽനിന്നെത്തിയ ജി. നാഗേഷിന് ബി.ജെ.പി ടിക്കറ്റ് നൽകിയത്.
അത്രം സക്കുവാണ് ബി.ആർ.എസ് സ്ഥാനാർഥി. ഗോണ്ട് വിഭാഗത്തിലെ വോട്ടുകൾ മൂന്നു പാർട്ടിയിലേക്കും വിഘടിക്കുമെന്നിരിക്കെ, ബാക്കി 12 ലക്ഷത്തോളം വരുന്ന ഒ.ബി.സി, ന്യൂനപക്ഷ വോട്ടുകളും എങ്ങോട്ട് തിരിയുമെന്നത് നിർണായകമാണ്.
ഏഴു നിയമസഭ മണ്ഡലങ്ങളിൽ നാലു സീറ്റിൽ ബി.ജെ.പിയും രണ്ടു സീറ്റിൽ ബി.ആർ.എസും ഒരു സീറ്റിൽ കോൺഗ്രസുമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ചത്. 2008 ലാണ് ലോക്സഭ സീറ്റിൽ കോൺഗ്രസ് അവസാനമായി ജയിച്ചത്. പിന്നീട് ടി.ഡി.പിയും ബി.ആർ.എസും ബി.ജെ.പിയും ഓരോ തവണ വിജയിച്ചു.
കഴിഞ്ഞ തവണ ബി.ജെ.പി 3.77 ലക്ഷവും ബി.ആർ.എസ് 3.18 ലക്ഷവും കോൺഗ്രസ് 3.14 ലക്ഷവും വോട്ടാണ് നേടിയത്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ അത്രം സുഗുണയെപോലൊരു ജനകീയ സ്ഥാനാർഥിക്ക് മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇത്തവണ ജയിച്ചാൽ ആദിലാബാദിനെ കോൺഗ്രസ് ദത്തെടുക്കുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.