ന്യൂഡൽഹി: വാശിയേറിയ പോരാട്ടം നടന്ന വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിൽ പോളിങ് ദിവസം പോയത് വോട്ടിങ് പ്രവണത അറിയാനായിരുന്നു. ഡൽഹി കലാപത്തിൽ കത്തിയെരിഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഭജൻപുര. കലാപക്കേസുകൾ ചുമത്തി ജയിലിലടച്ച ആം ആദ്മി പാർട്ടിയുടെ മുനിസിപ്പൽ കൗൺസിലർ താഹിർ ഹുസൈന്റെ വീടിനടുത്താണ് വടക്കുകിഴക്കൻ ഡൽഹി ലോക്സഭാ മണ്ഡലത്തിലെ 202ാം നമ്പർ ബൂത്ത്.
ബൂത്തിലേക്ക് പോകാനായി സ്കൂളിന്റെ കവാടം കടന്നതും പറ്റില്ലെന്ന് പറഞ്ഞ് പൊലീസ് തടഞ്ഞു. പോളിങ് ദിവസം ബൂത്തുകളിൽ പോയി വോട്ടെടുപ്പ് പ്രവണത അറിയാൻ തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും വിടില്ലെന്നായി പൊലീസ്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ പോയി തെരഞ്ഞെടുപ്പ് കമീഷൻ നിയോഗിച്ച സെക്ടർ ഓഫിസറെ കൊണ്ടുവന്നു.
ബൂത്തിൽ പോയി നോക്കാൻ അനുവദിക്കില്ലെന്നും എന്ത് വിവരം വേണമെങ്കിലും താൻ നൽകുമെന്നും സെക്ടറൽ ഓഫിസർ ശിവേന്ദ്ര ത്യാഗി അദ്ദേഹമിരിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പൊതുതെരഞ്ഞെടുപ്പിന്റെ ഒന്ന് മുതൽ നാലു ഘട്ടങ്ങളിൽ ഉത്തർപ്രദേശിലും ബിഹാറിലും നിരവധി ബൂത്തുകൾ തെരഞ്ഞെടുപ്പ് കമീഷന്റെ ഈ തിരിച്ചറിയൽ കാർഡ് വെച്ച് കയറിയിറങ്ങിയതാണെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ ഡൽഹിയിൽ അത് അനുവദിക്കുന്നില്ലെന്നായിരുന്നു ശിവേന്ദ്ര ത്യാഗിയുടെ മറുപടി.
എന്തുകൊണ്ടാണ് രണ്ട് സംസ്ഥാനങ്ങളിൽ രണ്ട് രീതി എന്ന് ചോദിച്ചെങ്കിലും ത്യാഗിക്ക് മറുപടിയില്ല. ഡൽഹിയിലെ പോളിങ് ബൂത്തിൽ മാധ്യമപ്രവർത്തകരിൽനിന്ന് ഒളിച്ചുവെക്കാനെന്താണെന്ന് ചോദിച്ചപ്പോൾ കമീഷന് പരാതി നൽകിക്കോളൂ എന്നായിരുന്നു ത്യാഗിയുടെ മറുപടി.
സുതാര്യമായി നടക്കേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പോളിങ് ബൂത്തുകളിൽ മാധ്യമപ്രവർത്തകരെ കയറ്റാതെ ഒളിച്ചുവെക്കാനെന്താണ് എന്നാലോചിച്ച് തിരിച്ചുവരുമ്പോഴാണ് കോൺഗ്രസ് നേതാവായ കനയ്യക്ക് പരമാവധി വോട്ട് ചെയ്യിക്കാൻ വോട്ടർമാർക്ക് സ്ലിപ്പ് നൽകിക്കൊണ്ടിരിക്കുന്ന ആപ് പ്രവർത്തകൻ ഇഷ്തിയാകിനെ പരിചയപ്പെട്ടത്.
202ാം നമ്പർ ബൂത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ബൂത്ത് ഏജന്റില്ലെന്നും ബി.ജെ.പിയുടെ ബൂത്ത് ഏജന്റിനെ മാത്രമേ ഇരിക്കാൻ അനുവദിച്ചിട്ടുള്ളൂ എന്നും ഇഷ്തിയാക് പറഞ്ഞു. താൻ വോട്ടു ചെയ്യാനായി ബൂത്തിനകത്ത് ചെന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപെട്ടതെന്നും ബൂത്ത് ഏജന്റിനെ ഇരുത്താൻ ശ്രമിച്ചിട്ട് അനുവദിച്ചില്ലെന്നും ആപ് പ്രവർത്തകൻ തുടർന്നു.
ഡൽഹിയിലെ പല ബൂത്തുകളിലും പ്രതിപക്ഷ ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചിട്ടില്ലെന്ന് മറ്റൊരു മാധ്യമപ്രവർത്തകനും പിന്നീട് പറഞ്ഞു.
ന്യൂഡൽഹിയിലെ ആം ആദ്മി പാർട്ടി സ്ഥാനാർഥി സേമാനാഥ് ഭാരതി തന്റെ മണ്ഡലത്തിലെ പോളിങ് ബൂത്തായ നാനക് പുര എം.സി.ഡി പ്രൈമറി സ്കൂളിൽ ഉച്ചക്ക് എത്തിയപ്പോൾ അവിടെ ആപ് പോളിങ് ഏജന്റിനെ കാണാനില്ല. ബി.ജെ.പി പോളിങ് ഏജന്റാകട്ടെ, ബി.ജെ.പി സ്ഥാനാർഥി ഭാസുരി സ്വരാജിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും താമരയുടെ ചിത്രമുള്ള പോസ്റ്റർ പോളിങ് ബൂത്തിൽ വോട്ടർമാർ കാണാനായി പ്രദർശിപ്പിച്ചിരിക്കുന്നു.
ബി.ജെ.പി പോളിങ് ഏജന്റിനെ തപ്പിയപ്പോൾ ഒരു സഞ്ചി നിറയെ ബി.ജെ.പി പോസ്റ്ററുകൾ. അതുമായിട്ടാണ് അയാൾ ബൂത്തിലിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും നടപടി വേണമെന്നും പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട സേമാനാഥ് ഭാരതിയോട് വേണമെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനോട് പരാതിപ്പെട്ടോളൂ എന്നായിരുന്നു മറുപടി. ദൃശ്യം പകർത്തിയ സോമനാഥ് ഭാരതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഈ തരത്തിലാണ് തെരഞ്ഞെടുപ്പ് എങ്കിൽ പോളിങ് നടത്താതെ നരേന്ദ്ര മോദിയെ മൂന്നാമതും പ്രധാനമന്ത്രിയായി വിജയിയായി പ്രഖ്യാപിക്കുകയാണ് കമീഷൻ ചെയ്യേണ്ടതെന്ന് പറഞ്ഞ് സോമനാഥ് ഭാരതി ഈ ദൃശ്യം പങ്കുവെച്ചു.
ജനക്പുരി അനൂജ് നയ്യാർ സ്കൂളിലെ ബൂത്തിൽ ആം ആദ്മി പാർട്ടിയുടെ പോളിങ് ഏജന്റിനോട് 17(സി) ഫോറത്തിൽ രാവിലെ തന്നെ ഒപ്പുവെക്കാനാവശ്യപ്പെട്ട വിവരമാണ് ആപ് നേതാവ് ആതിഷി പങ്കുവെച്ചത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ആ ബൂത്തിൽ എത്ര വോട്ട് പോൾ ചെയ്തുവെന്ന് വോട്ടുയന്ത്രം നോക്കി രേഖപ്പെടുത്തിയ ശേഷം എല്ലാ സ്ഥാനാർഥികളുടെയും പോളിങ് ഏജന്റുമാർ സാക്ഷ്യപ്പെടുത്താനുള്ളതാണ് 17(സി) ഫോറം. വോട്ടു ചെയ്യുന്നവരുടെ കണക്കുകൾ കടലാസിൽ രേഖപ്പെടുത്തരുതെന്നായിരുന്നു കൽകാജി ഗവൺമെന്റ് സ്കൂളിലെ ബുത്തിൽ പോളിങ് ഏജന്റുമാർക്ക് നൽകിയ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.