മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിക്കാനിരിക്കെ വിമതരെ അനുനയിപ്പിക്കാൻ ഇരുമുന്നണികളിലും തിരക്കിട്ട നീക്കം. ബി.ജെ.പി, ഷിൻഡെ ശിവസേന, അജിത് പക്ഷ എൻ.സി.പി സഖ്യ മഹായൂത്തിയിൽ വിമതരാണ് പ്രശ്നമെങ്കിൽ വിമതർക്കൊപ്പം സഖ്യകക്ഷികൾ തമ്മിലെ സൗഹൃദപോരും കോൺഗ്രസ്, ഉദ്ധവ് ശിവസേന, പവാർ പക്ഷ എൻ.സി.പി സഖ്യ മഹാ വികാസ് അഘാഡി (എം.വി.എ)യുടെ തലവേദന. ബി.ജെ.പിയിൽനിന്ന് ഷിൻഡെ പക്ഷത്തേക്ക് ‘ഇറക്കുമതി’ ചെയ്ത സ്ഥാനാർഥികളെ ചൊല്ലി പ്രാദേശിക നേതാക്കളിലെ പ്രതിഷേധവും മഹായൂത്തിയെ അലട്ടുന്നു.
എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയുടെ മകൻ അമിത താക്കറെ മത്സരിക്കുന്ന മാഹിം സീറ്റ് ഷിൻഡെ പക്ഷത്തിനും ബി.ജെ.പിക്കുമിടയിൽ വിള്ളലുമുണ്ടാക്കി. അമിതിനുവേണ്ടി ഷിൻഡെ പക്ഷ സ്ഥാനാർഥി, സിറ്റിങ് എം.എൽ.എ സദാ സർവങ്കർ പിൻവാങ്ങണമെന്ന് ബി.ജെ.പി ശഠിക്കുന്നു. പിന്മാറിയില്ലെങ്കിൽ ബി.ജെ.പി മാഹിമിൽ അമിതിനുവേണ്ടി പ്രവർത്തിക്കുമെന്ന് പാർട്ടി നേതാവ് പ്രസാദ് ലാഡ് മുന്നറിയിപ്പു നൽകി. സദാ സർവങ്കർ പിന്മാറിയാൽ ഷിൻഡെ പക്ഷ വോട്ട് ഉദ്ധവ് പക്ഷത്തേക്ക് വഴിമാറുമെന്നും അത് മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും ഷിൻഡെ ഭയക്കുന്നു. തിങ്കളാഴ്ച വൈകീട്ടോടെ സർവങ്കറെ പിൻവലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. മഹായൂത്തിക്ക് പ്രതികൂലമായി 36 വിമതരുണ്ട്. ഇതിൽ 19 ബി.ജെ.പിയിൽനിന്നാണ്. 16 ഷിൻഡെ പക്ഷക്കാരും. അജിതിനുമുണ്ട് ഒരു വിമതൻ. എം.വി.എയിൽ കോൺഗ്രസിൽനിന്ന് 10 ഉം ഉദ്ധവ് ശിവസേനയിൽ നാലും വിമതരുണ്ട്. കോൺഗ്രസ്-ഉദ്ധവ് പക്ഷം, ഉദ്ധവ് പക്ഷം-പവാർ പക്ഷം, ഉദ്ധവ് പക്ഷം-പി.ഡബ്ല്യു.പി തമ്മിലെ സൗഹൃദമത്സരം ഒഴിവാക്കാനുമാണ് എം.വി.എയിൽ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.