ന്യൂഡൽഹി: കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ് കരൺ സിങ്ങിന്റെ മൃതദേഹം ഹരിയാന പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതെ സംസ്കരിക്കില്ലെന്ന നിലപാടിൽ ഉറച്ച് കർഷക സംഘടനകളും കുടുംബവും. മൃതദേഹം പട്യാല രജീന്ദ്ര ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണിപ്പോൾ. കനൗരി അതിർത്തിയിൽ സമരം ചെയ്തിരുന്ന ശുഭ് കരൺ സിങ് പൊലീസ് നടപടിയിൽ തലക്ക് പരിക്കേറ്റ് ബുധനാഴ്ചയാണ് മരിച്ചത്.
വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് ആരംഭിച്ച ദില്ലി ചലോ മാർച്ച് കർഷകന്റെ മരണത്തെതുടർന്ന് ഫെബ്രുവരി 29 വരെ നിർത്തിവെക്കാൻ വെള്ളിയാഴ്ച രാത്രി ചേർന്ന കർഷക സംഘടനകളുടെ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, കർഷകർ ഹരിയാന അതിർത്തിയിൽ തുടരുകയാണ്. ഇവിടേക്ക് പഞ്ചാബിൽനിന്നും ഹരിയാനയിൽനിന്നും കൂടുതൽ കർഷകർ എത്തുന്നുണ്ട്.
സമരത്തിനിടെ മരിച്ച കർഷകർക്ക് ആദരാഞ്ജലി അർപ്പിച്ച് കർഷക സംഘടനകൾ ശനിയാഴ്ച രാത്രി വിവിധയിടങ്ങളിൽ മെഴുകുതിരി മാർച്ച് നടത്തി. സമരത്തിൽ പങ്കെടുക്കാൻ ശംഭു അതിർത്തിയിലേക്ക് പുറപ്പെട്ട 32കാരനായ കർഷകൻ ശനിയാഴ്ച അപകടത്തിൽപെട്ട് മരിച്ചു. ഹരിയാനയിലെ ഹിസാറിൽ കഴിഞ്ഞദിവസം പൊലീസും കർഷകരും ഏറ്റുമുട്ടിയിരുന്നു. ഇവിടെനിന്ന് കസ്റ്റഡയിലെടുത്ത കർഷകരെ ഹരിയാന പൊലീസ് ക്രൂരമായി ഉപദ്രവിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. പരിക്കേറ്റ കർഷകരെ കൈമാറണമെന്നാവശ്യപ്പെട്ട് ഹരിയാന സർക്കാറിന് പഞ്ചാബ് സർക്കാർ കത്തെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.