‘പീഡകൻ കറങ്ങി നടക്കുന്നു; അയാളെ പിടിക്കാതെ താരങ്ങൾക്ക് പിന്തുണ നൽകുന്നവരെയാണ് പൊലീസ് പിടികൂടുന്നത്’

ന്യൂഡൽഹി: സ്വതന്ത്രമായി വിഹരിക്കുന്ന പീഡകനെ പിടിക്കുന്നതിനു പകരം ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകാനെത്തുന്നവരെയാണ് പൊലീസ് പിടികൂടുന്നതെന്ന് രാജ്യാന്തര ഗുസ്തി താരം ബജ്റങ് പൂനിയ. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾ പിന്തുണയുമായെത്തിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഗുസ്തി താരങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് മാർച്ച് നടത്തിയ ഡൽഹി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. പീഡകൻ കറങ്ങി നടക്കുകയാണ്. അയാൾക്ക് പകരം വനിതാ ഗുസ്തി താരങ്ങളെ പിന്തുണക്കുന്നവരെ പിടികൂടുകയാണ് പൊലീസ്. ഇത് വളരെ ലജ്ജാകരമായ അവസ്ഥയാണ്’-ബജ്റംങ് പുനിയ ട്വിറ്ററിൽ കുറിച്ചു.

നേരത്തേ ഗുസ്തി താരങ്ങളെ സന്ദർശിക്കാൻ എത്തിയ പി.ടി. ഉഷക്കെതിരെ പ്രതിഷേധമുണ്ടായിരുന്നു. സമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ വിമുക്ത ഭടൻ ഉഷയുടെ വാഹനം തടഞ്ഞു. ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ ഉഷ നടത്തിയ​ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥർ എത്തി മാറ്റുകയായിരുന്നു.

തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചുവെന്നും താരങ്ങൾ പ്രതിഷേധിക്കുകയല്ല, ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത് എന്നാണ് ഉഷ പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നിരുന്നു.

​''താരങ്ങൾ തെരുവിൽ പ്രതിഷേധിക്കുകയാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തു വരുന്നത് വരെയെങ്കിലും അവർക്ക് കാത്തിരിക്കാമായിരുന്നു. രാജ്യത്തിനും കായിക മേഖലക്കും ഒട്ടും ഗുണകരമല്ലാത്ത ഒന്ന് അവർ ചെയ്യുന്നത് എന്തിനു വേണ്ടിയാണ്. ഇത് നിഷേധാത്മക സമീപനമാണ്.'' -ഉഷ പറഞ്ഞു. ഉഷയുടെ പരാമർശത്തിനെതിരെ ഗുസ്തി താരങ്ങൾ ശക്തമായി പ്രതിഷേധിച്ചിരുന്നു. പിന്തുണ പ്രതീക്ഷിച്ച ഒരാളിൽ നിന്നുണ്ടായ പ്രതികരണം വേദനിപ്പിച്ചെന്നായിരുന്നു അവർ പറഞ്ഞത്.

Tags:    
News Summary - The harasser is roaming free, police are catching those people who are coming in support of the women wrestlers-bajrang punia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.