ന്യൂഡൽഹി: കേരളത്തിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി വിധി സ്റ്റേ ചെയ്യാൻ തയാറായില്ല. അതേസമയം, കക്ഷികൾക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ 80: 20 അനുപാതം റദ്ദാക്കിയാണ് ഹൈക്കോടതി ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനാവശ്യപ്പെട്ടത്. ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ പാലോളി കമീഷന്‍റെ നിർദേശമനുസരിച്ച് നടപ്പാക്കിയതായിരുന്നു ന്യൂനപക്ഷ സ്കോളർഷിപ്പ്. ഇതിന്‍റെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നാക്കി 2015ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടികാട്ടിയാണ് അനുപാതം പുനര്‍നിശ്ചയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
മുസ്ലിം സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന പഠന റിപ്പോർട്ടുകളുണ്ട്. എന്നാൽ, ക്രിസ്ത്യൻ സമുഹത്തിന്‍റെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ആശ്രയിക്കാവുന്ന പഠന റിപ്പോർട്ടുകളില്ല. അതിനാൽ അനുപാതം നിശ്ചയിക്കാൻ പ്രയാസമാണെന്ന് ചൂണ്ടികാട്ടിയാണ് കേരളം ഹൈക്കോടതി വിധിക്കെതിരെ ഹരജി നൽകിയത്. ക്രിസ്ത്യൻ സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ പരിശോധിക്കാൻ ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നതുവരെയുള്ള സാവകാശം തേടിയാണ് കേരളം ഹരജി നൽകിയത്.
ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകിയാൽ അനർഹർക്കും ആനുകൂല്യം ലഭിക്കുമെന്ന ആക്ഷേപവും ശക്തമാണ്. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് അനുപാതം നിശ്ചയിക്കാമെന്നാണ് കേരളത്തിന്‍റെ നിലപാട്. അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു കേരളത്തിന്‍റെ ആവശ്യം.
ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ക്രിസ്ത്യൻ പിന്നാക്കാവസ്ഥ പരിഹരിക്കാൻ അനുപാതികമായി സ്കോളർഷിപ്പ് നൽകാൻ തയ്യാറാണെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മൈനോറിറ്റി ഇൻഡ്യൻ പ്ലാനിങ് ആൻ്റ് വിജിലൻസ് കമ്മീഷൻ ട്രസ്റ്റും, എം എസ് എം കേരള സംസ്ഥാന കമ്മിറ്റിയും നൽകിയ ഹർജികളും കോടതി പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.