ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റായി ബുധനാഴ്ച ചുമതലയേൽക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ പ്രധാന പരിഗണന തലമുറ മാറ്റം. ഉദയ്പുരിൽ നടന്ന നവസങ്കൽപ് ശിബിരത്തിലെ പ്രഖ്യാപനത്തിന് അനുസൃതമായി ഭാരവാഹി സ്ഥാനങ്ങളിൽ പകുതി യുവാക്കൾക്ക് നൽകുമെന്ന് പ്രചാരണഘട്ടത്തിൽ ഖാർഗെ പലവട്ടം വ്യക്തമാക്കിയിരുന്നു. അതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങിവെക്കുന്നതിനാണ് ഊന്നൽ.
പാർട്ടിയിലും പുറത്തും ബന്ധങ്ങൾ ഊഷ്മളമാക്കാനും പ്രവർത്തനങ്ങളിൽ മെച്ചപ്പെട്ട ഏകോപനത്തിനുമുള്ള ശ്രമങ്ങൾക്കും വൈകാതെ അദ്ദേഹം തുടക്കം കുറിക്കും. തലമുറകൾ തമ്മിലും നേതാക്കൾ തമ്മിലുമുള്ള അകലം വർധിച്ചിരിക്കുകയാണ് കോൺഗ്രസിൽ. ശശി തരൂർ അടക്കം മാറ്റത്തിനുവേണ്ടി വാദിക്കുന്നവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടു പോകാനുള്ള നടപടികളുണ്ടാവും. പ്രവർത്തക സമിതി പുനഃസംഘടനയിൽ സമവായം തേടും.
സമാന ചിന്താഗതിക്കാരായ ബി.ജെ.പി വിരുദ്ധ പാർട്ടികളുടെ നേതൃനിരയുമായി ബന്ധം മെച്ചപ്പെടുത്താനും പാർലമെന്‍റിൽ അത് പ്രതിഫലിപ്പിക്കാനും ശ്രമങ്ങൾ ഉണ്ടാവും. ഭാരത് ജോഡോ യാത്രയിൽ ഇടവേളകളിൽ മാത്രമാവും ഖാർഗെ പങ്കെടുക്കുക.
തുടർന്നും നയിക്കുക രാഹുൽ ഗാന്ധി തന്നെ. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിലേക്ക് പാർട്ടിയെ സജ്ജമാക്കുന്നതിൽ ഖാർഗെ കേന്ദ്രീകരിക്കും.
പാർട്ടിയിൽ എല്ലാവരുടെയും സഹകരണം തേടുന്നതിന്‍റെ ഭാഗമായി, ചുമതലയേൽക്കുന്ന ബുധനാഴ്ചത്തെ ചടങ്ങിലേക്ക് പ്രവർത്തകസമിതി അംഗങ്ങൾ, പി.സി.സി പ്രസിഡന്‍റുമാർ, നിയമസഭ കക്ഷിനേതാക്കൾ, മുൻ മുഖ്യമന്ത്രിമാർ, മുൻ പി.സി.സി പ്രസിഡന്‍റുമാർ, എ.ഐ.സി.സി ഭാരവാഹികൾ എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. മുൻഗണനകൾ വൈകാതെ അദ്ദേഹം വിശദീകരിക്കും.
ദീപാവലി, ഖാർഗെയുടെ സ്ഥാനമേൽക്കൽ ചടങ്ങ് എന്നിവ പ്രമാണിച്ച് തിങ്കളാഴ്ച മുതൽ മൂന്നു ദിവസം ഭാരത് ജോഡോ യാത്രക്ക് അവധി നൽകി. ബുധനാഴ്ച രാവിലെ 10.30നാണ് ഖാർഗെ ചുമതലയേൽക്കുന്നത്. പ്രസിഡന്‍റായി തെരഞ്ഞെടുത്ത ഇലക്ഷൻ സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് വരണാധികാരി മധുസൂദൻ മിസ്ത്രി കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.