ന്യൂഡൽഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബി.ജെ.പി വാഗ്ദാനം കേന്ദ്ര സർക്കാറിന് എളുപ്പം നടപ്പാക്കാവുന്ന തരത്തിലുള്ള ശിപാർശ സമർപ്പിക്കാൻ നിയമ കമീഷൻ ഒരുങ്ങി. കേന്ദ്ര സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് സമിതി നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന നിയമ കമീഷന്റെ പ്രഥമ യോഗത്തിലാണ് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും അനുകൂലമായ നിലപാട് കൈക്കൊണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെതന്നെ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നതതല സമിതിക്ക് ശിപാർശ സമർപ്പിക്കാനാണ് കമീഷൻ നീക്കം.
സുപ്രീംകോടതി റദ്ദാക്കിയ രാജ്യദ്രോഹക്കുറ്റം ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പുനഃസ്ഥാപിക്കണമെന്ന വിവാദ ശിപാർശ കേന്ദ്ര സർക്കാറിന് സമർപ്പിച്ച ജസ്റ്റിസ് ഋതുരാജ് അവസ്ഥി ചെയർമാനും മുൻ കേരള ഹൈകോടതി ജഡ്ജി കെ.ടി. ശങ്കരൻ അംഗവുമായ നിയമ കമീഷനാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളുമായി ആലോചിക്കേണ്ടെന്ന വിചിത്ര നിലപാട് എടുത്തിരിക്കുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എങ്ങനെ നടപ്പാക്കണമെന്നും അതിനുള്ള തടസ്സങ്ങൾ എങ്ങനെ നീക്കണമെന്നും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് രാംനാഥ് കോവിന്ദ് സമിതിയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്. ഒരു വോട്ടർ പട്ടികയും ഒരു തിരിച്ചറിയൽ കാർഡുമുപയോഗിച്ച് ഒരേസമയം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും അതിനൊപ്പംതന്നെ മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് പഠിക്കാനും അതിനാവശ്യമായ ഭരണഘടനാ-നിയമ ഭേദഗതികൾ ശിപാർശ ചെയ്യാനുമാണ് സമിതിക്കുള്ള നിർദേശം.
പാർലമെന്റ് പാസാക്കുന്ന ഭരണഘടനാ നിയമ ഭേദഗതികൾക്ക് സംസ്ഥാന നിയമസഭകളുടെ അംഗീകാരം ആവശ്യമാണോ എന്ന് സമിതി പറയണമെന്ന് കേന്ദ്ര സർക്കാർ പരിഗണനാ വിഷയങ്ങളിലൊന്നായി പ്രത്യേകം എടുത്തുപറയുകയും ചെയ്തിരുന്നു. അതിനാൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രസക്തമല്ല എന്ന് നിയമ കമീഷൻ ശിപാർശ ചെയ്താൽ ബി.ജെ.പിയുടെ അജണ്ടയുമായി ഏകപക്ഷീയമായി മുന്നോട്ടുപോകാൻ കേന്ദ്രത്തിന് എളുപ്പമാകും. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് ഭരണഘടനാ ഭേദഗതി ആവശ്യമായി വന്നാൽ ആ ബില്ലിന് പാർലമെന്റിന്റെ ഇരുസഭകൾക്കുപുറമെ 50 ശതമാനം സംസ്ഥാന നിയമസഭകളുടെ അംഗീകാരവും വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.