മുംബൈ ബി.എം.ഡബ്ല്യു അപകടമുണ്ടായത് മിഹിർ ഷായും കൂട്ടുകാരും ബാറിൽ നിന്നിറങ്ങിയതിന് പിന്നാലെ; കുടിച്ചത് 18,000 രൂപയുടെ മദ്യം

മുംബൈ: ശിവസേനാ ഷിൻഡെ വിഭാ​ഗം നേതാവിന്റെ മകൻ മദ്യപിച്ച് അമിതവേ​ഗത്തിലോടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി മിഹിർ ഷായും കൂട്ടുകാരും ബാറിൽ നിന്നിറങ്ങിയതിന് പിന്നാലെയാണ് അപകടമുണ്ടായതെന്ന് അന്വേഷണത്തിൽ വ്യക്തമായി.18,000 രൂപയുടെ മദ്യം മിഹിർ ഷായും കൂട്ടുകാരും കഴിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി.

വർളി സ്വദേശിനി കാവേരി നഖ്‌വ(45)യാണ് ബി.എം.ഡബ്ല്യു കാറിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്നും അവരോടൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നില്ലെന്നും ബാറുടമ കരൺ ഷാ മൊഴി നൽകി. പുലർച്ചെ 1:40 ന് ബില്ലടച്ച ശേഷം അവർ അവിടെ നിന്നും തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് അപകടം നടക്കുന്നത്.

അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യു കാർ ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ കാവേരി റോഡിൽ തെറിച്ച് വീണു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വാഹനം ഓടിച്ചിരുന്ന മിഹിർ ഷായുടെ പിതാവും പാൽഘർ ജില്ലയിലെ ശിവ സേനയുടെ നേതാവുമായ രാജേഷ് ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ രാജേഷ് ഷാ സഹായിച്ചതായും തെളിവ് നശിപ്പിക്കാൻ നിരവധി ശ്രമങ്ങൾ നടന്നതായും ആരോപണമുണ്ട്. സംഭവം നിർഭാഗ്യകരമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ‘നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും’ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു.

Tags:    
News Summary - The Mumbai BMW accident; Alcohol worth Rs 18,000 was drunk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.