ന്യൂഡൽഹി: ഭാരത് ബയോടെക്ക് നിർമിച്ച മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ മഹാമാരിക്കെതിരായ മാനവരാശിയുടെ പോരാട്ടത്തെ നിർണായകമായി സ്വാധീനിക്കാൻ ശേഷിയുള്ളതാണെന്ന് ശാസ്ത്രജ്ഞർ. കോവിഡിനെതിരെ മൂക്കിലൂടെ നൽകുന്ന iNCOVACC (BBV154 വാക്സിൻ ലോകത്ത് തന്നെ ആദ്യത്തേതാണ്. ചെറിയ അണുബാധയെപ്പോലും ചെറുക്കുകയും അവയുടെ വ്യാപനം തടയുകയും ചെയ്യുന്ന വാക്സിൻ, കൊറോണ വൈറസിന് നിരന്തരം വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ചികിത്സയിൽ നാഴികക്കല്ലായി മാറുമെന്നും വിദഗ്ധർ പറഞ്ഞു.
ഈ മാസാദ്യമാണ് വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഇന്ത്യയുടെ അനുമതി ലഭിച്ചത്. അത്യാവശ്യഘട്ടങ്ങളിൽ 18 വയസ്സിനുമേൽ പ്രായമുള്ളവർക്ക് നൽകാനാണ് അനുമതി. വാക്സിൻ ഇരുവരെ വിപണിയിൽ ഇറക്കിയിട്ടില്ല. പുതിയ വ്യതിയാനം സംഭവിച്ച വൈറസുകൾ സൃഷ്ടിക്കപ്പെടുന്ന, വാക്സിനെടുത്തവരിൽ പോലും വീണ്ടും രോഗം വരുന്ന സാഹചര്യത്തിൽ വൈറസിന്റെ വ്യാപനം തടയുന്ന പുതിയ വാക്സിൻ അത്ഭുതം സൃഷ്ടിക്കുമെന്ന് വാഷിങ്ടൺ സർവകലാശാല പ്രഫസർ ഡേവിഡ് ടി. കുറിയൽ പറഞ്ഞു. SARS-CoV2 വൈറസ് മൂക്കിലൂടെയാണ് പ്രവേശിക്കുന്നതെന്നതിനാൽ മൂക്കിലൂടെ നൽകുന്ന വാക്സിൻ ഉടനടി അവയുടെ വ്യാപനം തടയുമെന്ന് പുണെ ഐസറിലെ ശാസ്ത്രജ്ഞ വിനീത ബാൽ ചൂണ്ടിക്കാട്ടി.
4000 പേരിൽ പരീക്ഷണം നടത്തി ഫലപ്രദമെന്ന് തെളിഞ്ഞതായി ഭാരത് ബയോടെക് അധികൃതർ അറിയിച്ചു. കുത്തിവെക്കൽ ആവശ്യമില്ല എന്നതും പെട്ടെന്ന് നൽകാം എന്നതും സവിശേഷതയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ബുധനാഴ്ച 5,108 കൊറോണ വൈറസ് ബാധയാണ് രേഖപ്പെടുത്തിയത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.