ന്യൂഡൽഹി: ഭരണവിരുദ്ധ വികാരം ദേശീയതലത്തിൽ ശക്തിപ്പെടുന്നതിനിടയിൽ ഈ മാസം 23ന് പട്നയിൽ ചേരുന്ന പ്രതിപക്ഷ നേതൃയോഗം ഏറെ നിർണായകം. 20ഓളം പ്രതിപക്ഷ പാർട്ടികളുടെ നായകർ ഒത്തുചേരുന്ന യോഗം പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ യോജിച്ചു നേരിടുന്നതിന്റെ പൊതുരീതി ചർച്ചചെയ്യും.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ജനതാദൾ-യു നേതാവ് നിതീഷ് കുമാർ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, എൻ.സി.പി നേതാവ് ശരദ് പവാർ, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ജെ.എം.എം നേതാവ് ഷിബു സോറൻ തുടങ്ങിയവർ ഒരു വേദിയിൽ അണിനിരക്കുന്ന അപൂർവ ഐക്യസമ്മേളനത്തിനാണ് പട്ന വേദിയാകുന്നത്.
ഈ നേതാക്കൾ പങ്കെടുക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബി.ആർ.എസ് നേതാവ് ചന്ദ്രശേഖര റാവു പങ്കെടുക്കില്ല. കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തോടെ പ്രതിപക്ഷനിരയിൽ ബി.ജെ.പിയെ നേരിടാനുള്ള ആത്മവീര്യം വർധിച്ചിട്ടുണ്ട്.
കർണാടക ഫലത്തിനു പുറമെ മണിപ്പൂർ കലാപം, ഗുസ്തി താരങ്ങളുടെ സമരം, രാഷ്ട്രപതിയെയും പ്രതിപക്ഷത്തെയും വകവെക്കാതെ നടത്തിയ പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം എന്നിവ ഭരണവിരുദ്ധ വികാരം ശക്തിപ്പെടുന്ന സാഹചര്യംകൂടി ഉണ്ടാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ അജയ്യ നേതാവായി നിലനിൽക്കാൻ കഴിയില്ലെന്ന സംശയം ആർ.എസ്.എസിൽ ഉയർന്നുതുടങ്ങിയതിന്റെ പ്രതിഫലനമായി ‘ഓർഗനൈസർ’ മുഖപത്രത്തിലെ ലേഖനം.
ദേശീയതലത്തിൽ മോദിക്കുള്ള സ്വീകാര്യത ഇടിഞ്ഞതും പ്രാദേശികതലത്തിൽ വിവിധ പാർട്ടികളുടെ ശക്തി വർധിച്ചതും പ്രയോജനപ്പെടുത്തണമെന്ന താൽപര്യത്തിലാണ് എല്ലാ പ്രതിപക്ഷ പാർട്ടികളും. ബി.ജെ.പിക്കെതിരെ കഴിയാവുന്നത്ര മണ്ഡലങ്ങളിൽ പൊതുസ്ഥാനാർഥിയെന്ന ആശയം മുഖ്യസംഘാടകന്റെ റോളിൽ നിൽക്കുന്ന നിതീഷ് കുമാർ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും പ്രായോഗികതലത്തിൽ അത് എത്രത്തോളം സാധ്യമാവുമെന്ന പ്രശ്നമുണ്ട്.
എന്നാൽ, ബി.ജെ.പിയെ ഇത്തവണ പരാജയപ്പെടുത്തുക പൊതുലക്ഷ്യമാക്കി സംസ്ഥാന സാഹചര്യങ്ങൾക്ക് അനുസൃതമായി നീക്കുപോക്കുകൾ നടത്തുകയെന്ന അജണ്ടയോടെയാണ് പ്രതിപക്ഷ നേതൃനിര പട്നയിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നത്.
ഐക്യ പ്രതിപക്ഷത്തെ നേരിടേണ്ട ലോക്സഭ തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഭയക്കുന്നുവെന്ന് ആർ.ജെ.ഡി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പറഞ്ഞു. പ്രതിപക്ഷ യോഗത്തിന്റെ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ബി.ജെ.പിയല്ല പറയേണ്ടത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാജയ പരമ്പരയാണ് ബി.ജെ.പിയെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരസ്പര സഹായത്തിനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ ആ പ്രതീക്ഷ ഒലിച്ചുപോകുമെന്നാണ് ബി.ജെ.പി പ്രതികരിച്ചത്. ഹൈന്ദവ ജീവിതരീതിയെ തള്ളിപ്പറഞ്ഞും സിഖുകാരെ കൂട്ടക്കൊല ചെയ്തും ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നവരുമായി പങ്കാളിത്തമുണ്ടാക്കിയും മുന്നോട്ടുപോകുന്ന രാഹുൽ ഗാന്ധിയും കോൺഗ്രസും സ്നേഹക്കടയെക്കുറിച്ച് സംസാരിക്കുന്നത് പൊള്ളത്തരമാണെന്ന് മന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.