ന്യൂഡൽഹി: വാക്കുകൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ലംഘിച്ച പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തോടെ പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് പ്രക്ഷുബ്ധമായ തുടക്കം. അവശ്യസാധനങ്ങളുടെ ചരക്കു സേവന നികുതി (ജി.എസ്.ടി) കൂട്ടി ജനജീവിതം ദുസ്സഹമാക്കിയതിനെതിരെ ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിൽ മുദ്രാവാക്യവുമായി ഇറങ്ങിയ പ്രതിപക്ഷം നടപടികൾ സ്തംഭിപ്പിച്ചു. ഒടുവിൽ നടപടികളിലേക്ക് കടക്കാനാവാതെ ഇരുസഭകളും ചൊവ്വാഴ്ചത്തേക്ക് പിരിഞ്ഞു.

അവശ്യസാധനങ്ങളുടെ ജി.എസ്.ടി കൂട്ടിയത് സഭാ നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയിൽ അടിയന്തര ചർച്ചക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്കും ജപ്പാൻ മുൻ പ്രധാനമന്ത്രി അടക്കം അന്തരിച്ചവർക്കുള്ള ആദരാഞ്ജലിക്കും ശേഷം അടിയന്തര ചർച്ച അനുവദിക്കാതെ സഭാ നടപടികളിലേക്ക് കടന്നതോടെ കോൺഗ്രസ് എം.പിമാർ ഒന്നടങ്കം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. സഭാരേഖകൾ മേശപ്പുറത്തുവെക്കാൻ നായിഡു കേന്ദ്ര മന്ത്രിമാരെ വിളിക്കുകകൂടി ചെയ്തതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളി തുടങ്ങി. താനാശാഹി നഹീ ചലേഗി, മോദിശാഹി നഹീ ചലേഗി, മോദി സർക്കാർ മുർദാബാദ് (സ്വേഛാധിപത്യം നടപ്പില്ല, മോദിയുടെ ആധിപത്യം നടപ്പില്ല) തുടങ്ങി അൺപാർലമെന്‍ററിയായി പ്രഖ്യാപിച്ച വാക്കുകൾ മാത്രം മുദ്രാവാക്യങ്ങളാക്കിയായിരുന്നു പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.

രാജ്യസഭ ചെയർമാനെന്ന നിലയിൽ തന്‍റെ അവസാന സമ്മേളനമാണ് ഇതെന്ന് പറഞ്ഞ വെങ്കയ്യ നായിഡു ഭാഗികമായോ പൂർണമായോ സഭ തടസ്സപ്പെടുത്തിയ കഴിഞ്ഞ അഞ്ച് വർഷത്തേക്കാൾ വ്യത്യാസപ്പെടാനും മെച്ചപ്പെടാനും എം.പിമാരെ ഉപദേശിച്ചു.

വെങ്കയ്യ നായിഡുവിന്‍റെയും സെക്രട്ടറി ജനറലിന്‍റെയും സംസാരം മുദ്രാവാക്യത്തിൽ മുങ്ങിയതോടെ രാജ്യസഭ ചൊവ്വാഴ്ചത്തേക്ക് പിരിയുകയാണെന്ന് ചെയർമാൻ പ്രഖ്യാപിച്ചു. ലോക്സഭയിലും അവശ്യസാധനങ്ങളുടെ ജി.എസ്.ടി നിരക്കു വർധനവും വിലക്കയറ്റവും ചർച്ചചെയ്യാൻ പ്രതിപക്ഷ അംഗങ്ങൾ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ ഓം ബിർല തള്ളി. ലോക്സഭ ആദ്യം രണ്ടു മണി വരെ നിർത്തിവെച്ചു. പിന്നീട് സഭ ചേർന്ന് സഭാരേഖകൾ വെക്കാൻ തുടങ്ങിയതോടെ പ്ലക്കാർഡുകളേന്തി മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങി. ഇതിനിടയിൽ കേന്ദ്ര നിയമ മന്ത്രി റിജിജു കുടുംബകോടതി ഭേദഗതി ബിൽ അവതരിപ്പിച്ചു. ബില്ലിൽ സംസാരിക്കാൻ വിളിച്ചപ്പോൾ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി രാവിലെ മുതൽ വിലക്കയറ്റം ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടും സ്പീക്കർ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും സംസാരം മുഴുമിക്കാൻ ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ അനുവദിച്ചില്ല.

Tags:    
News Summary - Forbidden words became slogans; The opposition stalled the parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.