മംഗളൂരു: വിദ്വേഷ പ്രസംഗത്തിലൂടെ സ്വാസ്ഥ്യം കെടുത്തിയ ചൈത്ര കുന്താപുരക്ക് തക്ക ശിക്ഷ കിട്ടാൻ പ്രാർഥിച്ച ഗ്രാമം സാഫല്യ നിറവിൽ. ചിക്കമംഗളൂരു ജില്ലയിലെ കൊപ്പ മാവിനക്കട്ട ഗ്രാമവാസികൾ ഞായറാഴ്ച തേങ്ങയുടച്ചും തീർഥജലം തളിച്ചും ചൈത്ര എത്തിയ സ്ഥലം ശുദ്ധീകരിച്ചു.
2022 ഒക്ടോബർ നാലിന് സംഘ്പരിവാർ വേദിയിൽ ചൈത്ര നടത്തിയ പ്രസംഗം രണ്ടു സമുദായങ്ങൾക്കിടയിൽ വിദ്വേഷം വിതക്കുന്നതായിരുന്നു. അവരുടെ വെറുപ്പിന്റെ രാഷ്ട്രീയം ഭൂരിഭാഗത്തെയും നോവിച്ചു. ചൈത്ര കോടികളുടെ വഞ്ചനക്കേസിൽ അറസ്റ്റിലായതോടെ മനമുരുകി നടത്തിയ പ്രാർഥനക്ക് ഫലം കണ്ട സന്തോഷത്തിലാണ് ഗ്രാമം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ ബൈന്തൂർ സീറ്റ് വാഗ്ദാനം ചെയ്ത് വ്യവസായി ഗോവിന്ദ ബാബു പൂജാരിയിൽനിന്ന് കോടികൾ വാങ്ങി വഞ്ചിച്ചു എന്ന കേസിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ചൈത്രയെ ഉഡുപ്പി കൃഷ്ണമഠം പരിസരത്തുനിന്ന് ബംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ബോധരഹിതയായ ചൈത്ര ജുഡീഷ്യൽ കസ്റ്റഡിയിൽ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്.
അഴിമതിയിലൂടെ നേടിയ സമ്പാദ്യങ്ങൾ ഓരോന്നായി പൊലീസ് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കാർ, ബാങ്ക് നിക്ഷേപം, വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ എന്നിവ കണ്ടെത്തിയ ക്രൈംബ്രാഞ്ച്, ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തു. മൊത്തം മൂന്ന് കോടിയോളം രൂപയുടെ വസ്തുവകകളാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.