ന്യൂഡൽഹി: തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ചട്ടങ്ങൾ എത്രയും പെട്ടെന്ന് വിജ്ഞാപനം ചെയ്യണമെന്ന് പുതുതായി ചുമതലയേറ്റ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതടക്കം പ്രധാനമായും ആറ് ആവശ്യങ്ങൾ ചുമതലയേറ്റയുടൻ രാജീവ് കുമാർ കേന്ദ്ര നിയമ മന്ത്രാലയം മുമ്പാകെ വെച്ചു.
പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനിടയിൽ കേന്ദ്ര സർക്കാർ 2021 ഡിസംബറിലാണ് ആധാറിനെ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയുള്ള നിയമനിർമാണം നടത്തിയത്. മതിയായ ചർച്ച കൂടാതെയാണ് നിയമനിർമാണം നടത്തിയതെന്ന പ്രതിപക്ഷ വിമർശനം നിലനിൽക്കുന്നതിനിടയിലാണ് വിവാദ നിയമം നടപ്പാക്കാനായി ചട്ടങ്ങളുണ്ടാക്കണമെന്ന ആവശ്യം രാജീവ് കുമാർ മുന്നോട്ടുവെച്ചിരിക്കുന്നത്.
ഒരാൾക്ക് ഒരു മണ്ഡലത്തിലെ മത്സരിക്കാവൂ എന്നതാണ് മറ്റൊരു പ്രധാന ശിപാർശ. ഇതിനായി ജനപ്രാതിനിധ്യനിയമത്തിലെ 33(7) വകുപ്പ് ഭേദഗതി ചെയ്യണം. 2004 മുതൽ കമീഷൻ ആവശ്യപ്പെടുന്നതാണിത്. രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം കമീഷന് നൽകണമെന്ന ആവശ്യവും പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഉന്നയിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകാനുള്ള അധികാരം കമീഷന് ഉണ്ടെങ്കിലും രജിസ്ട്രേഷൻ റദ്ദാക്കാനുള്ള അംഗീകാരം ഭരണഘടനാപരമായില്ല.
രജിസ്റ്റർ ചെയ്ത അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികൾക്കെതിരെ കമീഷൻ കൈക്കൊണ്ട നടപടിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ശിപാർശ. ഇത്തരം 2,100 പാർട്ടികളുണ്ടെന്നാണ് കമീഷന്റെ കണക്ക്. സംഭാവന നൽകിയവരുടെ പട്ടിക നൽകാത്തവയും പാർട്ടിയുടെ പേരിലും ആസ്ഥാനത്തിലും ഭാരവാഹികളിലും വിലാസത്തിലും വരുത്തിയ മാറ്റങ്ങൾ അറിയിക്കാത്തവയും കമീഷന്റെ ഈ പട്ടികയിലുണ്ട്. രജിസ്റ്റർ ചെയ്തിട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത നിരവധി കടലാസു പാർട്ടികളുണ്ട്. ആദായ നികുതിയിൽനിന്ന് ഇളവ് ലഭിക്കാൻ ഈ തരത്തിൽ കടലാസ് പാർട്ടികളുണ്ടാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
ഓരോ വർഷവും പുതിയ വോട്ടർമാർക്ക് രജിസ്റ്റർ ചെയ്യാൻ നാല് അവസരം നൽകണമെന്നാണ് മറ്റൊരു നിർദേശം. 24 എ ഫോറം വഴി 20,000 രൂപക്ക് മുകളിൽ ലഭിക്കുന്ന സംഭാവനകളുടെ വിശദാംശങ്ങൾ അറിയിക്കുകയെന്ന നിലവിലുള്ള രീതി മാറ്റി പകരം 2000 രൂപക്ക് മുകളിലുള്ള സംഭാവനകൾ എല്ലാം വെളിപ്പെടുത്തണമെന്ന ആവശ്യവും മുഖ്യ കമീഷണർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.