ധംതരി മണ്ഡലത്തിലെ ജനകീയനായ കോൺഗ്രസ് നേതാവാണ് ഗുരുമുഖ് സിങ് ഹോറ. 2008ലും 2013ലും നിയമസഭ തെരഞ്ഞെടുപ്പിൽ 10,000ത്തിന് മുകളിൽ ഭൂരിപക്ഷത്തിൽ ധംതരിയിൽനിന്ന് വിജയിക്കുകയും ചെയ്തു. 2018ൽ തോറ്റത് വെറും 500 വോട്ടിൽ താഴെ മാത്രം.
ഇക്കുറിയും അദ്ദേഹത്തിന് തന്നെ സീറ്റ് നൽകുമെന്നായിരുന്നു പാർട്ടി പ്രവർത്തകരടക്കം പ്രതീക്ഷിച്ചത്. എന്നാൽ, 2018ലെ തോൽവി പരിശോധിച്ച പാർട്ടി നേതൃത്വത്തിന് കാരണമായി കണ്ടെത്തായത് ബി.ജെ.പി സ്ഥാനാർഥിക്ക് സാഹു വിഭാഗത്തിൽനിന്നും ലഭിച്ച പിന്തുണയാണ്.
സംസ്ഥാനത്ത് തുടർഭരണത്തിനായി പോരാടുന്ന കോൺഗ്രസ് ഇക്കുറി പരീക്ഷണത്തിനൊന്നും തയാറല്ല. അതുകൊണ്ട് തന്നെ പ്രാദേശിക പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം മറികടന്ന് മണ്ഡലത്തിൽ സ്വധീനമുള്ള സാഹു വിഭാഗത്തിൽപെട്ടയാളെ സ്ഥാനാർഥിയാക്കാൻ ഹൈകമാൻഡ് തീരുമാനിക്കുകയായിരുന്നു. ബി.ജെ.പിയും സാഹു വിഭാഗത്തിലുള്ള സ്ഥാനാർഥിയെ തന്നെയാണ് നിർത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ പ്രധാന വോട്ടുബാങ്ക് ആദിവാസികളും ഒ.ബി.സിയുമാണ്. 90 മണ്ഡലങ്ങളിൽ 29 സീറ്റുകൾ സംവരണം ചെയ്യപ്പെട്ടതാണ്. ബാക്കിവരുന്ന 51ൽ ഭൂരിപക്ഷം സീറ്റുകളിലും ജയപരാജയം നിർണയിക്കുന്നതിൽ ഒ.ബി.സിയിൽപെട്ട സാഹു വിഭാഗത്തിന് വലിയ പങ്കുണ്ടെന്ന് കോൺഗ്രസ്, ബി.ജെപി നേതാക്കൾ ഒരുപോലെ സമ്മതിക്കുന്നു. 2018ൽ കോൺഗ്രസ് വിജയത്തിന് സാഹു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിരുന്നു.
ഭരണംനിലനിർത്താൻ കോൺഗ്രസും തിരിച്ചുപിടിക്കാനായി ബി.ജെ.പിയും സാഹുകളെ ഇക്കുറി ചേർത്തുപിടിച്ചിട്ടുണ്ട്. അരുൺ സാഹുവിനെ സംസ്ഥാന അധ്യക്ഷനാക്കിയ ബി.ജെ.പി തെരഞ്ഞെടുപ്പിൽ അദ്ദേഹം ഉൾപ്പെടെ 11 പേർക്ക് സീറ്റ് നൽകുകയും ചെയ്തു.
മന്ത്രി തംരദ്വാജ് സാഹു ഉൾപ്പെടെ ഒമ്പത് പേർക്കാണ് കോൺഗ്രസ് സീറ്റ് നൽകിയത്. ധംതരി, ബി.ജെ.പി അധ്യക്ഷൻ മത്സരിക്കുന്ന ലോർമി ഉൾപ്പെടെയുള്ള നാല് മണ്ഡലങ്ങളിലാണ് സാഹു വിഭാഗത്തിൽപെട്ടവർ പരസ്പരം മത്സരിക്കുന്നത്.
പ്രധാനമായും കാർഷിക, വാപാര മേഖലകളിലാണ് സാഹു വിഭാഗം കൂടുതലുള്ളത്. കാർഷിക മേഖലയിൽ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും പ്രകടന പത്രികയിലെ ജാതി സെൻസസ് വാഗ്ദാനവും സാഹു വിഭാഗത്തിന്റെ പിന്തുണക്ക് കാരണമാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.