ചരിത്ര വിജയമെന്ന് ഐ.എസ്.ആർ.ഒ; ആദ്യ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടെന്ന് ഇ. സോമനാഥ്

ശ്രീഹരിക്കോട്ട: ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായ എസ്.എസ്.എൽ.വി ഡി 2യുടെ വിക്ഷേപണം സമ്പൂർണ വിജയമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഇ. സോമനാഥ്. എസ്.എസ്.എൽ.വിയിലൂടെ ഇന്ത്യ ചരിത്ര വിജയം കൈവരിച്ചതെന്നും ചെയർമാൻ വ്യക്തമാക്കി.

Full View

ഭൗമ നിരീക്ഷണ ഉപഗ്രഹം-02 (ഇ.ഒ.എസ് -07), അമേരിക്കൻ ഉപഗ്രഹം ജാനസ് 1, 'സ്​പേസ് കിഡ്സ് ഇന്ത്യ'യുടെ ഭാഗമായി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 750 വിദ്യാർഥിനികളുടെ സംഘം നിർമിച്ച ഉപഗ്രഹം 'ആസാദിസാറ്റ്2' എന്നീ മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചു.

ആദ്യ ദൗത്യത്തിലെ വീഴ്ചയിൽ നിന്ന് പാഠം ഉൾക്കൊണ്ടെന്ന് ചെയർമാൻ വ്യക്തമാക്കി. പിഴവുകൾ വിശദമായി പഠിച്ച ശേഷമാണ് രണ്ടാമത്തെ ദൗത്യം ക്രമീകരിച്ചത്. എസ്.എസ്.എൽ.വിയുടെ വിക്ഷേപണത്തിൽ പങ്കാളിയായ എല്ലാവരെയും അഭിനന്ദിക്കുന്നതായും ഇ. സോമനാഥ് പറഞ്ഞു.

ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 9.18നാണ് എസ്.എസ്.എൽ.വി ഡി2 വിജയകരമായി വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹം-02 (ഇ.ഒ.എസ് -07), അമേരിക്കൻ ഉപഗ്രഹം ജാനസ് 1, 'സ്​പേസ് കിഡ്സ് ഇന്ത്യ' വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം 'ആസാദിസാറ്റ്2' എന്നീ മൂന്ന് ഉപഗ്രഹങ്ങളാണ് എസ്.എസ്.എൽ.വി ഭ്രമണപഥത്തിൽ എത്തിച്ചത്.

2022 ആഗസ്റ്റ് ഏഴിന് നടന്ന എസ്.എസ്.എൽ.വിയുടെ ആദ്യ ദൗത്യം സാങ്കേതിക തകരാറിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു. വിക്ഷേപണത്തിന്‍റെ ആദ്യ മൂന്ന് ഘട്ടങ്ങൾ വിജയകരമായിരുന്നെങ്കിലും സിഗ്നൽ നഷ്ടപ്പെടുകയായിരുന്നു. പേടകത്തിന്‍റെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്.

പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്കു ശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിർമിക്കുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. 10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 450 കിലോമീറ്റർ ​താഴെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും.

എസ്.എസ്.എൽ.വിക്ക് 34 മീറ്റർ ആണ് നീളം. പി.എസ്.എൽ.വിയേക്കാൾ 10 മീറ്റർ കുറവ്. ചുറ്റളവ് രണ്ടു മീറ്ററാണ്. വാണിജ്യ ദൗത്യങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് റോക്കറ്റ് ഒരുക്കിയിരിക്കുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായതിനാല്‍ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്.എസ്.എല്‍.വിയെ തേടി ആവശ്യക്കാർ എത്തുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ വിലയിരുത്തൽ.

Tags:    
News Summary - The satellites as well as placing them in right orbit -ISRO chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.