ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽനിന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിലേക്കുള്ള അധികാര കൈമാറ്റത്തിന്‍റെ അടയാളമായിരുന്നു ചെങ്കോൽ എന്ന ബി.ജെ.പിയുടെ നുണക്കഥ പൊളിഞ്ഞെന്ന് കോൺഗ്രസ്.
സ്വാതന്ത്ര്യ ദിന തലേന്ന് ചെങ്കോൽ നെഹ്റുവിന് കൈമാറിയപ്പോൾ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റനോ സി. രാജഗോപാലാചാരിയോ ഉണ്ടായിരുന്നില്ലെന്ന് തിരുവാടുതുറൈ ആധീനത്തിലെ മുഖ്യസന്യാസി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ഇങ്ങനെ പറഞ്ഞത്.
കോൺഗ്രസ് അവഗണിച്ചുവെന്ന കുറ്റപ്പെടുത്തലിന്‍റെ അകമ്പടിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ സ്ഥാപിച്ചത്. ബി.ജെ.പിയുടെ നുണഫാക്ടറി തുറന്നുകാട്ടുന്നതാണ് സന്യാസിയുടെ വെളിപ്പെടുത്തലെന്ന് ജയ്റാം രമേശ് പറഞ്ഞു. തിരുവാടുതുറൈ ആധീനത്തിന്‍റെ താൽപര്യപ്രകാരമാണ് ചെങ്കോൽ നെഹ്റുവിന് സമ്മാനിച്ചത്. തിരുവാടുതുറൈ മഠം നാദസ്വര വിദ്വാൻ രാജരത്തിനത്തെ ചെങ്കോലുമായി ഡൽഹിക്ക് അയക്കുകയായിരുന്നു. അദ്ദേഹത്തെ നെഹ്റുവിന് പരിചയപ്പെടുത്തിയത് ഡോ. പി. സുബ്ബരോയനാണ്. നാദസ്വര മേളത്തോടെ ചെങ്കോൽ സമ്മാനിക്കപ്പെട്ടു. ചെങ്കോൽ നേരത്തെ മൗണ്ട് ബാറ്റനോ സി. രാജഗോപാലാചാരിക്കോ നൽകിയിരുന്നുമില്ല -ജയ്റാം രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.