സഹാറൻപുർ (യു.പി): സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മുസ്ലിംകളെ അവഗണിക്കുകയാണെന്ന് ആരോപിച്ച് പാർട്ടി നേതാവ് സിക്കന്ദർ അലി രാജിവെച്ചു. പാർട്ടിയുടെ മുതിർന്ന നിയമസഭാംഗമായ അഅ്സം ഖാനെ അറസ്റ്റുചെയ്തതിൽ അഖിലേഷ് മൗനം പാലിക്കുന്നതായാണ് ആരോപണം. അടുത്തിടെ അഅ്സം ഖാന്റെ വക്താവ് ഫസാഹത് അലി ഖാനും സമാന ആരോപണം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകൾ കൊണ്ടാണ് സമാജ്വാദി പാർട്ടി 111 സീറ്റുകൾ നേടിയത്. എന്നാൽ, പാർട്ടി നേതാക്കളുടെ അറസ്റ്റ് വിഷയത്തിൽ അഖിലേഷ് മൗനം പാലിക്കുന്നു.
മുസ്ലിംകളെ വോട്ട് ബാങ്ക് മാത്രമായാണ് അദ്ദേഹം കാണുന്നത്. സ്വന്തം എം.എൽ.എക്ക് വേണ്ടി നിലകൊള്ളാൻ കഴിയാത്തയാൾ എങ്ങനെയാണ് സാധാരണക്കാരെ പിന്തുണക്കുകയെന്നും അദ്ദേഹം ചോദിച്ചു. മുസ്ലിംകൾ വോട്ട് ചെയ്തിട്ടും മുൻ യു.പി മുഖ്യമന്ത്രി സമുദായത്തിനുവേണ്ടി ഒരക്ഷരം മിണ്ടിയില്ലെന്നായിരുന്നു ഫസാഹത് അലി ഖാന്റെ ആരോപണം.
അതിനിടെ, ആർ.എൽ.ഡി അധ്യക്ഷൻ ജയന്ത് ചൗധരി അഅ്സം ഖാന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. അഅ്സം ഖാന്റെ ഭാര്യ തസീൻ ഫത്മ, മകൻ അബ്ദുല്ല അഅ്സം എന്നിവരെയാണ് ചൗധരി വീട്ടിലെത്തി നേരിൽ കണ്ടത്. ന്യൂനപക്ഷ സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചൗധരിയുടെ നിലപാടിൽ പ്രതിഷേധിച്ച് ആർ.എൽ.ഡി സംസ്ഥാന പ്രസിഡന്റ് മസൂദ് അഹമ്മദ് അടുത്തിടെ രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.