ന്യൂഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതി പരിഗണിക്കുന്നു. അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹരജിയാണ് പരിഗണിക്കുന്നത്. മനു അഭിഷേക് സിങ്‍വിയാണ് രാഹുലിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. സ്റ്റേ ആവശ്യം ഗുജറാത്ത് ഹൈകോടതി തള്ളിയപ്പോഴാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.
സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് പരാതിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
സാക്ഷി പോലും പരാമർശം അപകീർത്തിപ്പെടുത്താനെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷൻ വാദിച്ചു. ജനാധിപത്യത്തിലെ വിയോജിപ്പ് മാത്രമാണ് രാഹുൽ പ്രകടിപ്പിച്ചത്. മോദി സമുദായത്തെ അപമാനിച്ചിട്ടില്ല. അദ്ദേഹം കുറ്റവാളിയല്ല. പരമാവധി ശിക്ഷ നൽകാൻ കൊലക്കേസോ ബലാത്സംഗക്കേസോ അല്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയോടുള്ള വിരോധം ഒരു സമുദായത്തെ മുഴുവൻ അപമാനിക്കാനായി ഉപയോഗിച്ചുവെന്നാണ് പരാതിക്കാരന്റെ വാദം. രാഹുൽ മനഃപുർവം നടത്തിയ പ്രസ്താവനയാണെന്നാണ് പരാതിക്കാരന്റെ വാദം. പരാതിക്കാരന് വേണ്ടി അഭിഭാഷകനായ മഹേഷ് ജഠ്മലാനി ഹാജരായി. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എ പൂർണേഷ് മോദിയാണ് പരാതി നൽകിയത്. ഇരുവിഭാഗക്കാർക്കും വാദിക്കാൻ 15 മിനിറ്റ് ആണ് നൽകിയത്.
2019 ഏപ്രിലിൽ കർണാടകയിലെ കോലാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് മോഷ്ടാക്കൾക്കെല്ലാം മോദിയെന്നാണ് പേര് എന്നും ഇത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചത്. ഈ പരാമർശമാണ് കേസിന് കാരണമായത്. പൂർണേശിന്റെ പരാതിയിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് സൂററ്റ് മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടു വർഷം തടവും പിഴയും വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.