ന്യൂഡൽഹി: മണിപ്പൂരിൽ വസ്തുതാന്വോഷണം നടത്തി റിപ്പോർട്ട് നൽകിയ എഡിറ്റേഴ്സ് ഗിൽഡിനെതിരായ പരാതി സർക്കാരിന്റെ എതിർ ആഖ്യാനമാണെന്നും സൈന്യത്തിന്റെ ആവശ്യപ്രകാരം റിപ്പോർട്ട് തയാറാക്കിയ മാധ്യമ പ്രവർത്തകർക്കെതിരെ എങ്ങനെയാണ് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തിയെന്ന കുറ്റം ചുമത്തുകയെന്നും സുപ്രീംകോടതി.
എഡിറ്റേഴ്സ് ഗിൽഡ് ചെയ്ത കുറ്റകൃത്യം എന്താണെന്ന് വ്യക്തമാക്കാൻ മണിപ്പൂർ പൊലീസിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനു കഴിയാതെയാണ് വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയ മൂന്നു മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ ക്രിമിനൽ കേസെടുത്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. എഡിറ്റേഴ്സ് ഗിൽഡിന്റെ ഹരജി ഹൈകോടതിയിലേക്ക് മാറ്റുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്ന ബെഞ്ച് ഇത്തവണ സുപ്രീംകോടതി തന്നെ ഹരജി തീർപ്പാക്കുമെന്ന സൂചന നൽകി മറുപടിക്കായി രണ്ടാഴ്ച സമയം അനുവദിച്ചു.
എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങൾക്ക് അറസ്റ്റിൽനിന്നുള്ള സംരക്ഷണം രണ്ടാഴ്ചത്തേക്കുകൂടി നീട്ടി. പരാതിക്കിടയാക്കിയ എല്ലാ ആരോപണങ്ങളും മറുഭാഗം കേൾക്കാതെ അതേപോലെ എഫ്.ഐ.ആറിലാക്കിയതിന് മണിപ്പൂർ പൊലീസിനെ സുപ്രീംകോടതി വിമർശിച്ചു.
എഡിറ്റേഴ്സ് ഗിൽഡിനെതിരായ ക്രിമിനൽ കേസ് തള്ളുകയോ അല്ലെങ്കിൽ അതിന്റെ വിചാരണ ഡൽഹി ഹൈകോടതിയിലേക്ക് മാറ്റുകയോ വേണമെന്ന് ഗിൽഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ ബോധിപ്പിച്ചു.
ജൂലൈ 12ന് ഇന്ത്യൻ സേനയിൽനിന്ന് ലഭിച്ച പരാതിയും ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 14ന് എഡിറ്റേഴ്സ് ഗിൽഡ് പുറത്തുവിട്ട പ്രസ്താവനയും ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി. എന്നാൽ, നാർക്കോ ഭീകര ഗ്രൂപ്പുമായി ചേർന്ന് എഡിറ്റേഴ്സ് ഗിൽഡും ഇന്ത്യൻ സേനയും പ്രവർത്തിച്ചുവെന്ന് ഇന്ത്യൻ സേനക്കെതിരെ മെയ്തേയി ഗ്രൂപ് വിഷലിപ്തമായ പ്രചാരണം നടത്തി. ഇതൊരു ഗൗരവമേറിയ പഠനമാണ്. അതിന്റെ റിപ്പോർട്ടിലും ശിപാർശയിലും വിയോജിപ്പുണ്ടാകാം. റിപ്പോർട്ടിൽ ചിത്രത്തിലെ അടിക്കുറിപ്പ് തെറ്റിയത് തിരുത്തിയ കാര്യവും ദിവാൻ ചൂണ്ടിക്കാട്ടി.
അതേസമയം, ക്രിമിനൽ കേസുകൾ റദ്ദാക്കാതെ എഡിറ്റേഴ്സ് ഗിൽഡിന്റെ ഹരജി മണിപ്പൂർ ഹൈകോടതിയിലേക്ക് മാറ്റണമെന്ന് മണിപ്പൂർ പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. കുക്കികൾക്കായി തയാറാക്കിയ ഏകപക്ഷീയമായ റിപ്പോർട്ടാണ് ഗിൽഡിന്റേതെന്നും പക്ഷപാതപരമായ റിപ്പോർട്ട് സംഘർഷമേറ്റുന്നതാണെന്നും ഹരജി തള്ളരുതെന്നും മണിപ്പൂർ ഹൈകോടതിയിലേക്ക് കേസ് വിടണമെന്നും മെയ്തേയി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഡ്വ. കൃഷ്ണകുമാർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.