റാമോജി ഫിലിം സിറ്റിയും കടന്ന് ഇബ്രാഹിം പട്ടണത്തിലെ പൊൽക്കാപ്പള്ളിയിൽ രാവിലെ എത്തുമ്പോൾ ആ സ്ഥലം അത്ര അപരിചിതമായി തോന്നിയില്ല. ചെറു നാൽക്കവല. വഴിനീളെ കൊയ്തെടുത്ത നെല്ല് കൂട്ടിയിട്ടിരിക്കുന്നു. ഖസാക്കിലെ പോലെ പൊടിപറത്തിയ ചെമ്മൺ പാതയല്ല; കവലയും കടന്ന് ടാർ റോഡ് ഗ്രാമത്തിലേക്ക് നീളുന്നു. കവലയോരത്തെ ചുവന്ന പെയിന്റടിച്ച കൊടിമരത്തിൽ രക്തപതാക പാറുന്നു.
കർഷക സ്ത്രീകൾ കടവരാന്തയിൽ സൊറപറഞ്ഞിരിക്കുന്നു. അവർക്കിടയിലേക്ക് കൂപ്പുകൈയുമായി സി.പി.എം സ്ഥാനാർഥിയും ജില്ല സെക്രട്ടറിയുമായ മുഹമ്മദ് ജഹാംഗീർ എത്തി. അലങ്കാരവാക്കുകളൊന്നുമില്ലാതെ അദ്ദേഹം ഓരോരുത്തരെയായി കണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് പാർട്ടി ഓഫിസിന് മുന്നിൽ ഒരുക്കിയ പ്രാതൽ പ്രവർത്തകർക്കൊപ്പം കഴിച്ചു.
കേരളത്തിൽനിന്നാണ് വരുന്നതെന്ന് പറഞ്ഞപ്പോൾ സന്തോഷം. എന്തുകൊണ്ടാണ് തെലങ്കാനയിൽ ഒറ്റ സീറ്റിൽ മത്സരിക്കുന്നതെന്ന് ചോദിച്ചു.
ചരിത്രപരമായി പാർട്ടിക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് ഭുവനഗിരിയെന്ന് മറുപടി. കർഷക മുന്നേറ്റം നടന്ന നാടാണ്. 2014ൽ സി.പി.എമ്മും 2019ൽ സി.പി.ഐയും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു.
കർണാടകയിലെ പോലെ സി.പി.എം ഒറ്റ സീറ്റിലാണ് തെലങ്കാനയിലും മത്സരിക്കുന്നത്. ഇൻഡ്യ മുന്നണിയുടെ ഭാഗമാണെങ്കിലും ഭുവനഗിരിയിൽ (ഭോംഗിർ) അവർ കോൺഗ്രസുമായി മത്സരിക്കുന്നു; മറ്റു 16 മണ്ഡലങ്ങളിൽ കോൺഗ്രസിന് പിന്തുണ. എന്നാൽ, മണ്ഡലത്തിൽ മറ്റു ഇടതുപാർട്ടികളുടെ പിന്തുണ സി.പി.എമ്മിനില്ല; 17 സീറ്റിലും സി.പി.ഐയുടെ പിന്തുണ കോൺഗ്രസിനാണ്.
ഇൻഡ്യ മുന്നണിയിൽ ഒന്നായി നിൽക്കുമ്പോഴും തെലങ്കാനയിലെ സി.പി.എമ്മിനും കോൺഗ്രസിനുമിടയിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. അതിന്റെ അനുരണനം കൂടിയാണ് ഭുവനഗിരിയിലെ പ്രചാരണം. 17 സീറ്റിലും മത്സരിക്കാനായിരുന്നു സി.പി.എം നീക്കം. ഇതുസംബന്ധിച്ച് പ്രഖ്യാപനവും നടത്തി. പക്ഷേ, പിന്നീട് തീരുമാനം ഒറ്റ സീറ്റിലേക്ക് ചുരുക്കുകയായിരുന്നു.
ഭുവനഗിരിയിൽ മുന്നണി വോട്ടുചിതറുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സി.പി.എം നേതൃത്വത്തോട് കോൺഗ്രസ് അഭ്യർഥിച്ചിരുന്നു. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ നിർദേശ പ്രകാരം, തെലങ്കാന കോൺഗ്രസിന്റെ അധ്യക്ഷനായ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ഉപമുഖ്യമന്ത്രി മല്ലു ബട്ടി വിക്രമർക്കയും രണ്ടുതവണയായി പ്രത്യേകം ചർച്ച നടത്തി.
സ്ഥാനാർഥിയെ പിൻവലിക്കാൻ ചില നിർദേശങ്ങളും സി.പി.എമ്മിന് മുന്നിൽ വെച്ചു. എന്നാൽ, മത്സരിക്കാൻ ഒരു സീറ്റെങ്കിലും അനുവദിക്കണമെന്ന സി.പി.എം ആവശ്യം കോൺഗ്രസിനും സ്വീകാര്യമായില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികളുമായി സഖ്യത്തിന് കോൺഗ്രസ് ശ്രമിച്ചിരുന്നു. രണ്ടു സീറ്റ് അനുവദിക്കണമെന്നും സി.പി.ഐയും സി.പി.എമ്മും ആവശ്യപ്പെട്ടു. ഒടുവിൽ ഒരു സീറ്റ് എന്ന ഫോർമുലയിൽ സി.പി.ഐ വഴങ്ങി.
കോതഗുഡം സീറ്റിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച് ജയിക്കുകയും ചെയ്തു. എന്നാൽ, സി.പി.എം 19 സീറ്റിൽ ഒറ്റക്ക് മത്സരിച്ചു. എല്ലാ സീറ്റിലും കെട്ടിവെച്ച പണം പോയി. ഇൻഡ്യ മുന്നണി എന്ന നിലയിൽ കോൺഗ്രസിന് പിന്തുണ നൽകുമ്പോഴും കോൺഗ്രസ് കുറച്ചുകൂടി വിവേകപൂർവം പ്രവർത്തിക്കണമെന്ന ഉപദേശം കൂടിയുണ്ട് സി.പി.ഐക്ക്.
മുന്നണിയിൽ കോൺഗ്രസ് അപക്വമായി പെരുമാറുന്നതായി പാർട്ടി തെലങ്കാന സെക്രട്ടറി കുനംനേനി സാംബശിവ കുറ്റപ്പെടുത്തുന്നു. ആദർശപരമായി ഒരേ മനസ്സുള്ള എല്ലാവരെയും മുന്നണിയിൽ കൊണ്ടുവരാൻ കോൺഗ്രസ് ശ്രമിക്കണമെന്നും ബി.ജെ.പിയെ പാർട്ടിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് മുന്നണി ധർമം പാലിക്കണമെന്നും സാംബശിവ ചൂണ്ടിക്കാട്ടുന്നു.
പെദ്ദപ്പള്ളി, നൽഗൊണ്ട, ഭുവനഗിരി, ഖമ്മം, വാറങ്കൽ എന്നീ സീറ്റുകളിലൊന്ന് കോൺഗ്രസ് അനുവദിക്കുമെന്ന് സി.പി.ഐയും പ്രതീക്ഷിച്ചിരുന്നു.
സി.പി.എമ്മിന്റെ തെലങ്കാന ഓഫിസിൽവെച്ച് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുമായും സംസാരിച്ചു. ആന്ധ്രയിലെ പ്രചാരണത്തിന്റെ വിലയിരുത്തൽ കഴിഞ്ഞുള്ള വരവാണ് (അവിടെ ഓരോ പാർലമെന്റ് സീറ്റിലും എട്ടുവീതം നിയമസഭ സീറ്റുകളിലും സി.പി.എമ്മും സി.പി.ഐയും മത്സരിക്കുന്നുണ്ട്).
കോൺഗ്രസിന്റെ ജനാധിപത്യ ബോധ സമീപനത്തിന്റെ കുറവാണ് തെലങ്കാനയിൽ തങ്ങളെ മത്സരരംഗത്തിറക്കിയതെന്ന് എം.എ. ബേബി പറഞ്ഞു. തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലുമെന്നപോലെ യാഥാർഥ്യബോധത്തെ ഉൾക്കൊള്ളാൻ കോൺഗ്രസ് തയാറാവുന്നില്ല. ആ നിലപാടിനോടുള്ള പ്രതിഷേധമാണിതെന്നും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് ഈ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരള മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചത്, തെലങ്കാനയിൽ ഇരുപാർട്ടികൾക്കുമിടയിലെ സമവായ ചർച്ചയിൽ കല്ലുകടിയായിരുന്നു. കണക്കുകൾ പരിഗണിച്ചാൽ, ഭുവനഗിരിയിൽ കോൺഗ്രസിന് സി.പി.എം ഒത്ത എതിരാളിയല്ല. അര ലക്ഷത്തോളം വോട്ടുകളേ സി.പി.എം സ്ഥാനാർഥിയായ ജഹാംഗീറും പ്രതീക്ഷിക്കുന്നുള്ളൂ.
മത്സരം കോൺഗ്രസും ബി.ആർ.എസും തമ്മിലാണ്. യൂത്ത് കോൺഗ്രസ് നേതാവായ ചമല കിരൺ കുമാറിനെ എതിരിടുന്നത് ബി.ആർ.എസിന്റെ ക്യാമ മല്ലേഷമാണ്. 2014ൽ ടി.ആർ.എസ് ടിക്കറ്റിൽ ജയിച്ച ബൂറ നരസയ്യയെ ഇത്തവണ ബി.ജെ.പി ചാക്കിട്ടുനിർത്തിയിരിക്കുന്നു. ബി.ജെ.പിക്ക് വിജയ സാധ്യത കുറഞ്ഞ മണ്ഡലത്തിൽ കോൺഗ്രസ്- ബി.ആർ.എസ് പോരിനിടെ സി.പി.എം സ്ഥാനാർഥി വോട്ടുചോർത്തുമോ എന്ന ഭയം കോൺഗ്രസിനുണ്ട്.
2019ൽ വെറും 5219 വോട്ടിനാണ് കോൺഗ്രസിന്റെ കോമതിറെഡ്ഡി വെങ്കട് റെഡ്ഡി ജയിച്ചത് (44.37 % വോട്ട്). രണ്ടാമതെത്തിയ ടി.ആർ.എസിന്റെ ബുർറ നരസയ്യ 5,27,576 വോട്ട് നേടിയിരുന്നു (43.94 %). ബി.ജെ.പിയുടെ പി.വി. ശ്യാം സുന്ദർറാവു 65451 ഉം (5.45 %) സി.പി.ഐയുടെ ഗോഡ ശ്രീരാമുലു 28153 ഉം (2.32 %) വോട്ടാണ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.