ന്യൂഡൽഹി: സൗഹാർദവും സഹവർത്തിത്വവുമില്ലാതെ ഇന്ത്യയെന്ന ആശയത്തിന് നിലനിൽപില്ലെന്നും സമുദായ സൗഹാർദമാണ് രാജ്യത്തിന്‍റെ ജീവനാഡിയെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവ, രാഗ, താളങ്ങളാണ് ‘ഭാരത്’ എന്ന പേരിൽ അലിഞ്ഞുചേർന്നിരിക്കുന്നതെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. സൗഹാർദമില്ലാതെ ഇന്ത്യക്ക് ഭാവ, രാഗ, താളങ്ങളുടെ ലയം സാധ്യമല്ല. സൗഹാർദമില്ലാതെ പുരോഗതിയില്ല. എന്നാൽ, വിശ്വാസത്തിന്‍റെ പേരിൽ ഈ സൗഹാർദം ഏറ്റവുമേറെ വെല്ലുവിളി നേരിടുന്ന കാലമാണ് കൺമുന്നിൽ.
ബഹുസ്വരതയും മാനവികതയും സംരക്ഷിക്കപ്പെടുകയാണ് പ്രധാനം. ഇന്ത്യയിൽ, മനുഷ്യനെ മനുഷ്യനായി തിരിച്ചറിയുന്ന ഏക നാട് കേരളമാണ്. വ്യത്യസ്ത ജാതി, മത വിഭാഗങ്ങൾക്ക് പരസ്പരാദരം നിലനിർത്തി മുന്നോട്ടുപോകാൻ കേരളത്തിൽ കഴിയുമെങ്കിൽ ഇന്ത്യയിൽ എന്തുകൊണ്ട് ആയിക്കൂടാ? ഈ ലക്ഷ്യം മുൻനിർത്തി സഹവർത്തിത്വത്തിനായുള്ള മുന്നേറ്റം ശക്തിപ്പെടണമെന്ന് യെച്ചൂരി പറഞ്ഞു.
ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തോടനുബന്ധിച്ച കാർത്യായനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. ഹാരിസ് ബീരാൻ അധ്യക്ഷത വഹിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.പി. മുഹമ്മദ് ഫൈസൽ എം.പി, സുബ്ബു റഹ്മാൻ, ഫാ. അജി കെ. ചാക്കോ, ഫാ. എസ്. ഡെന്നിസ് ലാൽ, ഡോ. അനീസ് ചേർക്കുന്നത്ത്, ജോമി തോമസ്, ബാബു പണിക്കർ, കെ. രഘുനാഥ്, അജ്മൽ മുഫീദ്, മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.