ബംഗളൂരു: കർണാടക ബി.ജെ.പിയിൽ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട ഭിന്നത രൂക്ഷമായിരിക്കെ അഭ്യൂഹങ്ങളെ വീണ്ടും തള്ളി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രംഗത്ത്. സംസ്ഥാന ബി.ജെ.പിയിൽ നേതൃത്വ പ്രശ്നമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ചൊവ്വാഴ്ച യെദിയൂരപ്പ പറഞ്ഞു.
ഒന്നോ രണ്ടോ എം.എൽ.എമാർ അതൃപ്തരായിരിക്കാം. അവരോട് പാർട്ടി സംസാരിക്കും. പാർട്ടി എം.എൽ.എമാരുമായും എം.പിമാരുമായും അരുൺ സിങ് സംസാരിക്കുമെന്നും അദ്ദേഹം എല്ലാ വിവരങ്ങളും ശേഖരിക്കുമെന്നും രണ്ടോ മൂന്നോ ദിവസം ഇവിടെയുണ്ടാകുമെന്നും താനും അദ്ദേഹവുമായി സഹകരിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
മുഖ്യമന്ത്രി യെദിയൂരപ്പയെ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ ബി.ജെ.പിയിൽ കലഹം രൂക്ഷമായിരിക്കെ അനുനയത്തിനായി കർണാടകയുടെ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് ബുധനാഴ്ച ബംഗളൂരുവിലെത്തുന്നതിനിടെയാണ് യെദിയൂരപ്പയുടെ പ്രതികരണം.
പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധമാണെന്നും നേരത്തെ യെദിയൂരപ്പ പ്രതികരിച്ചിരുന്നു. അതേസമയം, യെദിയൂരപ്പ വിരുദ്ധ ചേരിയിലെ എം.എൽ.എ ആയ അരവിന്ദ് ബല്ലാഡ് കഴിഞ്ഞ ദിവസം അരുൺ സിങ്ങുമായി ഡൽഹിയിലെത്തി സംസാരിച്ചിരുന്നു.
അടിയന്തരമായി നിയമസഭ കക്ഷി യോഗം വിളിച്ചുചേർക്കാൻ മുഖ്യമന്ത്രിയോട് നിർദേശിക്കണമെന്നാണ് അരവിന്ദ് ബെള്ളാഡ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുമായുള്ള അതൃപ്തിയും അദ്ദേഹം തുറന്നുപറഞ്ഞതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.