ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ ജനസംഖ്യ വർധനവ് ഉണ്ടെന്ന പ്രചാരണം തെറ്റാണെന്ന് തെളിയിക്കുന്ന സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പുറത്ത്. അടിസ്ഥാന വികസന സൂചികകളിൽ പോലും ഈ ജില്ലകൾ ഏറ്റവും പിന്നാക്കമാണെന്ന് വ്യക്തമാക്കുന്ന മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങി താമസിക്കുന്ന രാജ്യത്തെ 10 ജില്ലകളിൽ നടത്തിയ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് ‘സ്പെക്റ്റ്’ ഫൗണ്ടേഷൻ’ ന്യൂഡൽഹി പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ പുറത്തുവിട്ടു.
ബിഹാറിലെ സീമാഞ്ചൽ മേഖലയിലെ അറാറിയ, കട്ടീഹാർ, കിഷൻഗഞ്ച്, പുരുണിയ, ഉത്തർപ്രദേശിലെ ബൽറാംപുർ, സരസ്വതി, പശ്ചിമ ബംഗാളിലെ മാൾഡ, മുർശിദാബാദ്, അസമിലെ ദുബ്രി, കൊക്രാജർ ജില്ലകളിലാണ് വിവിധ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക പിന്നാക്കാവസ്ഥയിൽ പഠന ഗവേഷണം നടത്തുന്ന ‘സ്പെക്റ്റ്’ ഫൗണ്ടേഷൻ സോഷ്യൽ ഓഡിറ്റ് നടത്തിയത്.
ജനസംഖ്യാ വർധനവും നുഴഞ്ഞുകയറ്റവും ആരോപിച്ച് ബി.ജെ.പിയും ഒരു വിഭാഗം മാധ്യമങ്ങളും നിരന്തരം ലക്ഷ്യമിടുന്ന ഇന്ത്യയുടെ ഈ 10 അതിർത്തി ജില്ലകളിലുമായി 1.41 കോടി മുസ്ലിംകളുണ്ട്. രാജ്യത്തെ മൊത്തം മുസ്ലിം ജനസംഖ്യയുടെ 8.18 ശതമാനം വരുമിത്.
ബിഹാറിലെ നാല് ജില്ലകളെ കുറിച്ചും പ്രചരിപ്പിച്ച ജനസംഖ്യാ വർധനവിന് പകരം ജനസംഖ്യയിൽ കുറവാണുണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. പുരുണിയയിൽ 6.9 ശതമാനവും കട്ടീഹാറിൽ 2.56 ശതമാനവുമാണ് പത്തുവർഷം കൊണ്ട് ജനസംഖ്യയിലുണ്ടായ കുറവ്. 2016-17 മുതൽ 2021-22 വരെ സർക്കാർ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളിൽ 31.2 ശതമാനം മാത്രമാണ് മുസ്ലിംകൾ. 17.5 ശതമാനം കുറവാണിത്. ഈ നാല് ജില്ലകളിലും സാക്ഷരത സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.