ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കുടിയേറ്റ വോട്ടർമാർക്കായി വികസിപ്പിച്ച വിദൂര വോട്ടുയന്ത്രത്തിന്റെ പ്രദർശനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മാറ്റിവെച്ചു. കമീഷന് മുമ്പിൽ പദ്ധതിയോടുളള എതിർപ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ പദ്ധതിതന്നെ വേണോ എന്ന് തീർപ്പാക്കാതെ വിദൂര വോട്ടുയന്ത്രം തങ്ങൾക്ക് കാണേണ്ടതില്ലെന്ന കടുത്ത നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടർന്ന് പ്രദർശനത്തിനായി ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ കൊണ്ടുവന്ന യന്ത്രങ്ങൾ കമീഷൻ തിരികെ കൊണ്ടുപോയി. രാഷ്ട്രീയ പാർട്ടികൾക്ക് നിലപാട് അറിയിക്കാനുള്ള സമയം ജനുവരി 31ൽനിന്ന് ഫെബ്രുവരി 28ലേക്ക് നീട്ടുകയും ചെയ്തു.
ദേശീയ പദവിയുള്ള എട്ട് പാർട്ടികളും സംസ്ഥാന പദവിയുള്ള 43 പാർട്ടികളുമാണ് കമീഷന്റെ ക്ഷണം സ്വീകരിച്ച് എത്തിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാറിന്റെ ആമുഖ സംസാരത്തിന് ശേഷം വിദൂര വോട്ടുയന്ത്രം പ്രദർശിപ്പിക്കുമെന്നാണ് കമീഷൻ പാർട്ടി നേതാക്കളെ അറിയിച്ചത്. ഉച്ചക്ക് ഒരു മണിയോടെ നടപടികൾ പൂർത്തിയാക്കി മടങ്ങാമെന്നും കമീഷൻ വ്യക്തമാക്കി.
എന്നാൽ, പാർട്ടികളുമായി ആദ്യം ചർച്ച നടത്തിയ ശേഷം മതി പ്രദർശനമെന്ന് പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് എല്ലാവരോടും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യാമെന്ന് കമീഷൻ അറിയിച്ചപ്പോൾ പ്രതിപക്ഷ കക്ഷികൾ അതിനും സന്നദ്ധമായില്ല. ഓരോ പാർട്ടിയെയും ഒറ്റക്കൊറ്റക്ക് കേൾക്കണമെന്ന് അവർ ഉപാധിവെച്ചു. തുടർന്ന് ആദ്യം എട്ടു ദേശീയ പാർട്ടികളെയും പിന്നീട് 43 സംസ്ഥാന പാർട്ടികളെയും നിലപാട് ചർച്ചക്കായി വിളിച്ചു. പ്രതിപക്ഷത്തെ ഓരോ പാർട്ടിയും ചർച്ച കഴിഞ്ഞ് വിദൂര വോട്ടുയന്ത്രം തങ്ങൾക്ക് കാണേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോന്നു. കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങാണ് ആദ്യമിറങ്ങിപ്പോന്നത്. ആഭ്യന്തര കുടിയേറ്റക്കാരുടെ സ്ഥിതിവിവര കണക്കോ, സർവേയോ ഇല്ലാതെ വിദൂര വോട്ടുയന്ത്രം പ്രദർശിപ്പിക്കണ്ട എന്ന നിലപാട് പ്രതിപക്ഷ പാർട്ടികൾ കൈക്കൊണ്ടതെന്ന് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് തോമസ് ചാഴികാടനും ഫോർവേഡ് ബ്ലോക്ക് നേതാവ് ദേവരാജനും അടക്കമുള്ളവർ ഇറങ്ങിപ്പോന്നു.
വൈകുന്നേരം വരെ നീണ്ട പാർട്ടികളുമായുള്ള ചർച്ചക്ക് ശേഷം പ്രദർശനം തൽക്കാലം വേണ്ടെന്നുവെച്ച കമീഷൻ ചർച്ച തുടരാനും അഭിപ്രായം അറിയിക്കാനുള്ള സമയം നീട്ടാനും തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.