ന്യൂഡൽഹി: മദ്യനയ കുംഭകോണകേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും ജയിലിലായതോടെ ആരാവും ഇവരുടെ പിൻഗാമികളെന്ന് ചിന്തിക്കുന്നത് സ്വാഭാവികം. ആം ആദ്മി പാർട്ടിയിലെ പ്രമുഖ നേതാക്കളായ സൗരഭ് ഭരദ്വാജ്, ആതിഷി എന്നിവരായിരിക്കും മനീഷ് സിസോദിയയുടെയും സത്യേന്ദർ ജെയിനിന്റെയും പിൻഗാമികൾ എന്നാണ് റിപ്പോർട്ട്. ഇവരെ നിയമിക്കുന്നത് സംബന്ധിച്ച രേഖകൾ എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‍രിവാൾ ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് കൈമാറിയിട്ടുണ്ട്.
തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് നിയോജക മണ്ഡലത്തിൽ നിന്നാണ് ഭരദ്വാജ് നിയമസഭയിലെത്തിയത്. ഡൽഹി ജൽ ബോർഡ് വൈസ് ചെയർമാൻ കൂടിയായ ഇദ്ദേഹം എ.എ.പിയുടെ മുഖ്യവക്താവാണ്. 2013-14 കാലത്ത് 49 ദിവസം മാത്രം മാത്രം മന്ത്രിയായിരുന്ന ചരിത്രവുമുണ്ട് ഇദ്ദേഹത്തിന്.
കൽകാജിയിൽ നിന്നാണ് ആതിഷി തെരഞ്ഞെടുക്കപ്പെട്ടത്. എ.എ.പിയുടെ രാഷ്ട്രീയ കാര്യ കമ്മിറ്റി അംഗമാണ് അവർ. സിസോദിയയുടെ ഉപദേഷ്ടകയായി പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷത്തിനിടെ പാർട്ടിയുടെ മുഖ്യധാരയിലേക്കുയർന്ന നേതാവാണിവർ.
കഴിഞ്ഞദിവസമാണ് സത്യേന്ദർ ജെയിൻ ആരോഗ്യമന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വകുപ്പിന്റെയും ചുമതല സിസോദിയക്കായിരുന്നു. അഴിമതിക്കേസിൽ അറസ്റ്റിലായിട്ടും രണ്ടുനേതാക്കളും മന്ത്രിപദവികളിൽ തുടരുന്നതിന് എതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു.
മന്ത്രി രാജ്കുമാർ ആനന്ദ് ആണ് ഇപ്പോൾ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ കൈകാര്യം ചെയ്യുന്നത്. ഞായറാഴ്ചയാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. പണം തിരിമറികേസിൽ ജെയിനിനെ കഴിഞ്ഞ മേയിലും. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.