പ്രദീപ്, കാവേരി

'അവരെല്ലാം വലിയ ആളുകളല്ലേ, എനിക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്, ഞങ്ങളെ ജീവിക്കാൻ അനുവദിക്കില്ല'

മുംബൈ വർളിയിൽ ശിവസേനാ ഷിൻഡെ വിഭാ​ഗം നേതാവിന്റെ മകൻ മിഹിർ ഷാ അമിതവേഗത്തിലോടിച്ച ബി.എം.ഡബ്ല്യു കാറിടിച്ച് 45കാരിയായ സ്കൂട്ടർ യാത്രിക കാവേരി നഖാവ മരിച്ചത് ഇന്നലെയാണ്. സംഭവത്തിന് പിന്നാലെ മിഹിർഷാ ഒളിവിലാണ്. നേരത്തെ, സമാനമായ മറ്റൊരു സംഭവത്തിൽ വ്യവസായിയുടെ മകനായ കൗമാരക്കാരൻ മദ്യലഹരിയിൽ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ട് ടെക്കികൾ മരിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ഈ പശ്ചാത്തലത്തിൽ ഞായറാഴ്ചത്തെ അപകടവും സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനിടയാക്കുകയാണ്.

ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവേ, കൊല്ലപ്പെട്ട കാവേരിയുടെ ഭർത്താവ് പ്രദീപ് നഖാവ പൊട്ടിക്കരഞ്ഞു. മത്സ്യത്തൊഴിലാളിയാണ് പ്രദീപ്. അപകടത്തിൽ പ്രതിസ്ഥാനത്തുള്ളവരെല്ലാം വലിയ ആളുകളാണെന്നും അവർക്കെതിരെ ഒരു നടപടിയെടുക്കാനും ആരും തയാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദീപിനൊപ്പം സ്കൂട്ടറിൽ പോകവേയായിരുന്നു ഇവരെ കാറിടിച്ചത്. പ്രദീപിന് നിസ്സാര പരിക്കാണുള്ളത്.

'കാറിടിച്ചതും ഞാൻ ഇടത് വശത്തേക്ക് തെറിച്ചുവീണു. എന്നാൽ, പിന്നിലിരുന്ന കാവേരിയെ കാർ ഇടിച്ച് വലിച്ചിഴച്ചുകൊണ്ടുപോയി. പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. അപകടത്തിലുൾപ്പെട്ടവരെല്ലാം വലിയ ആളുകളാണ്. അവർക്കെതിരെ എനിക്ക് എന്തുചെയ്യാനാകും? എനിക്ക് രണ്ട് കുട്ടികളാണുള്ളത്. ഞങ്ങൾ അനുഭവിക്കേണ്ടിവരും ബാക്കി' -പ്രദീപ് പറഞ്ഞു.

ബാറിൽ നിന്നിറങ്ങിയ ശേഷമാണ് മിഹിർഷായും കൂട്ടുകാരും കാർ അമിതവേഗത്തിൽ ഓടിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് മിഹിർ ഷാ ബാറിൽ എത്തിയതെന്ന് ബാറുടമ മൊഴി നൽകി. പുലർച്ചെ 1:40 ന് ബില്ലടച്ച ശേഷം അവർ അവിടെ നിന്നും തിരിച്ചെന്നും ബാറുടമ വ്യക്തമാക്കി. ബാർ വിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് അപകടം നടക്കുന്നത്.

സംഭവത്തിൽ മിഹിർ ഷായുടെ പിതാവും പാൽഘർ ജില്ലയിലെ ശിവസേന ഷിൻഡെ വിഭാഗം നേതാവുമായ രാജേഷ് ഷായെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. രാജേഷ് ഷായുടെ ഡ്രൈവർ രാജഋഷി ബിദാവത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതി മിഹിർ ഷായെ രക്ഷപ്പെടുത്താൻ രാജേഷ് ഷാ സഹായിച്ചതിനാണ് അറസ്റ്റ്. മിഹിർഷായെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് മുംബൈ പൊലീസ്. 

Tags:    
News Summary - They Are Big People Mumbai BMW Crash Victim's Husband Breaks Down, Says 'Got 2 Kids, We Will Suffer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.