മുസ്‍ലിം വയോധികന് ആൾക്കൂട്ട ആക്രമണം: അവർക്ക് ദുർബലരെ മാത്രമേ ലക്ഷ്യം വെക്കാനാവൂവെന്ന് ഉവൈസി; ‘ബി.ജെ.പി സർക്കാർ പിന്തുണക്കുന്നതിനാൽ സംഘികൾ ധൈര്യത്തിലാണ്’

ഹൈദരാബാദ്: മഹാരാഷ്ട്രയിൽ ട്രെയിൻ യാത്രികനായ മുസ്‍ലിം വയോധികന് നേരെ നടന്ന അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി ഓൾ ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. അവർക്ക് ദുർബലരെ മാത്രമേ ലക്ഷ്യം വെക്കാനാവൂവെന്ന് ഉവൈസി പ്രതികരിച്ചു.

'പ്രായമായ ഒരു മുസ് ലിംമിനെ സംഘി ഗുണ്ടകൾ ക്രൂരമായി മർദിച്ചു. സംഘികൾ എല്ലായ്‌പ്പോഴും കൂട്ടമായി വരും, ഈ ആളുകൾക്ക് ദുർബലരെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ. ബി.ജെ.പി സർക്കാർ അവരെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനാൽ സംഘികൾ ധൈര്യത്തിലാണ്.

ഹരിയാനയിൽ ഗോരക്ഷകർ സാബിറിനെ കൊല്ലുകയും അസീറിനെ പരിക്കേൽപ്പിക്കുകയും ചെയ്തു. സാബിറിനെ കൊലപ്പെടുത്തിയ കേസിൽ 18 വയസ് പോലും തികയാത്ത രണ്ടു പേർ അറസ്റ്റിലായി. ഗോരക്ഷകർ അഴിച്ചുവിടുന്ന ഭീകരതയെ ആർക്കും തടയാനാകില്ലെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയുന്നില്ലെങ്കിൽ, അങ്ങനെയുള്ള ഒരു സർക്കാർ കൊണ്ട് എന്ത് പ്രയോജനം?

ജുനൈദിന്‍റെയും നസീറിന്‍റെയും കൊളയാളികളെ ഹരിയാനയിലെ ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ്തിരുന്നെങ്കിൽ ഒരു പക്ഷേ സാബിറിന്‍റെ കൊലയാളികൾക്ക് ഇന്ന് ഇത്ര ധൈര്യം ഉണ്ടാകുമായിരുന്നില്ല' -ഉവൈസി എക്സിൽ കുറിച്ചു.

മുസ്‍ലിം വയോധികന് നേരെ നടന്ന അതിക്രമത്തിൽ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ രംഗത്ത് വന്നിരുന്നു. വെറുപ്പിനെ രാഷ്ട്രീയ ആയുധമാക്കി അധികാരഗോവണികൾ കയറിപ്പറ്റിയവർ രാജ്യമൊട്ടുക്ക് ഭീതിയുടെ ദുർവാഴ്ച സ്ഥാപിച്ചെടുക്കുകയാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

ആൾക്കൂട്ടത്തിന്റെ രൂപത്തിൽ മറഞ്ഞുനിൽക്കുന്ന വിദ്വേഷക്കൂട്ടങ്ങൾ പരസ്യമായി അതിക്രമങ്ങൾ വ്യാപിപ്പിച്ച് നിയമവാഴ്ചയെ ചോദ്യം ചെയ്യുകയാണ്. ഈ തെമ്മാടികൾക്ക് തോന്നിയതെന്തും ചെയ്യാൻ ബി.ജെ.പി സർക്കാറിന്റെ പിന്തുണയുണ്ട്, അതാണവർക്ക് ധൈര്യം പകരുന്നത്.

ന്യൂനപക്ഷങ്ങൾക്കെതിരെ, വിശിഷ്യ മുസ്‍ലിംകൾക്കെതിരായ അതിക്രമങ്ങൾ തുടരുമ്പോഴും സർക്കാർ സംവിധാനം നിശബ്ദ കാഴ്ചക്കാരായി നിൽക്കുകയാണ്. ഇത്തരം അരാജക പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് നിയമവാഴ്ച നടപ്പാക്കണം.

ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും ഇന്ത്യക്കാരുടെ അവകാശങ്ങൾക്കും മേലുള്ള ഏതൊരതിക്രമവും ഭരണഘടനക്കെതിരായ കൈയേറ്റമാണ്. നമ്മളത് വകവെച്ച് കൊടുക്കില്ല. ബി.ജെ.പി എത്രതന്നെ ശ്രമിച്ചാലും, വിദ്വേഷത്തിനെതിരെ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ഈ ചരിത്രപരമായ പോരാട്ടത്തിൽ നാം വിജയിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Tags:    
News Summary - ‘They can only target weak’: Asaduddin Owaisi over elderly man’s assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.