ഫയൽ ചിത്രം

ഒറ്റ ദിവസം ക്രിസ്ത്യാനികൾക്കെതിരെ 13 വർഗീയ ആക്രമണം; ഉത്തരേന്ത്യയിൽ സ്​ഥിതി ഗുരുതരമെന്ന്​ മതസ്വാതന്ത്ര്യ കമ്മീഷൻ

ന്യൂഡൽഹി: ക്രിസ്ത്യാനികൾക്കെതിരെ ഉത്തരേന്ത്യയിൽ വിവിധ സ്​ഥലങ്ങളിലായി ഒറ്റ ദിവസം 13 വർഗീയ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട്. ഈ മാസം മൂന്നാം തീയതി ഞായറാഴ്ചയാണ്​ സംഘ്​പരിവാർ അടക്കമുള്ള ഹിന്ദുത്വസംഘങ്ങളുടെ നേതൃത്വത്തിൽ അക്രമങ്ങൾ അരങ്ങേറിയത്​. ഇതിൽ ഭൂരിഭാഗവും ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്​ ​ഓഫ്​ ഇന്ത്യ (ഇ.എഫ്​.ഐ) യുടെ മതസ്വാതന്ത്ര്യ കമ്മീഷൻ (RLC)റിപ്പോർട്ടിലാണ്​ ഇതേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

പ്രാർത്ഥനാലയത്തിൽ അതിക്രമിച്ചു കയറൽ, അന്യായ തടങ്കൽ, ദേഹോപദ്രവം, ആരാധന തടയ​ൽ തുടങ്ങി ഹിന്ദുത്വ സംഘങ്ങളുടെ ഏകപക്ഷീയമായ വർഗീയ ആക്രമണങ്ങൾക്കാണ്​ വിശ്വാസികൾ ഇരയായതെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

"ചർച്ചുകൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ ക്രൂരമായ ആക്രമണങ്ങൾ അപലപനീയമാണ്​. ഈ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളായ സംഘപരിവാറുകാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മതിയായ ശിക്ഷ ലഭ്യമാക്കണം. ഭരണഘടനാവിരുദ്ധവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അവസാനിപ്പിക്കാൻ ഇതേവഴിയുള്ളൂ" - മനുഷ്യാവകാശ, മതസ്വാതന്ത്ര്യ പ്രവർത്തകനായ ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു. അക്രമം നാൾക്കുനാൾ വർധിക്കുകയാണ്​. മതന്യൂനപക്ഷങ്ങളും കർഷകരും ദലിതരും അടക്കമുള്ള പാർശ്വവൽക്കരിക്കപ്പെട്ട സമൂഹമാണ്​ എപ്പോഴും ഇരകളെന്നും ഫാ. സെഡ്രിക് പ്രകാശ് പറഞ്ഞു.

ഒക്ടോബർ മൂന്നിന് നടന്ന അക്രമങ്ങൾ:

ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിലെ​ നസീറാബാദിൽ ക്രിസ്ത്യൻ വീട്ടിൽ ഒത്തുകൂടിയ 30 പേരെ ഹിന്ദുത്വ വാദികൾ അതിക്രമിച്ച് കയറി മർദിച്ചു. പാസ്റ്റർ ദുർഗേഷ് ഭാരതിയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിന്​ എത്തിയതായിരുന്നു ഇവർ. അക്രമത്തിനിരയായവർ പൊലീസിനെ വിളിച്ചു. എന്നാൽ,സ്​ഥലത്തെത്തിയ പൊലീസ്​ അക്രമികൾക്കൊപ്പം നിന്ന്​ പാസ്റ്റർ ദുർഗേഷിനെ കസ്റ്റഡിയിലെടുത്ത്​ പനിയറ പൊലീസ് സ്റ്റേഷനിലേക്ക്​ കൊണ്ടുപോയി.

മഹാരാജ് ഗഞ്ചിൽ തന്നെ പാസ്റ്റർ ശ്രീനിവാസ്​ പ്രസാദിന്‍റെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥനാ യോഗവും അക്രമികൾ തടഞ്ഞു. സംഭവത്തിൽ ക്രിസ്ത്യൻ പെൺകുട്ടിക്ക്​ മർദനമേറ്റു.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച്​ ഉത്തർപ്രദേശിലെ ജാൻപൂരിൽ പാസ്റ്റർ പ്രേം സിംഗ് ചൗഹാനെ അറസ്റ്റ് ചെയ്തതും ഇതേ ദിവസമായിരുന്നു.

ദലിത്​ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട ഹത്രാസ് ജില്ലയിലായിരുന്നു അടുത്ത സംഭവം. ഇവിടെ ഹസൻപൂർ ബാരു ഗ്രാമത്തിലെ പാസ്റ്റർ സൂരജ് പാലിനെ നിർബന്ധിത മതപരിവർത്തന നിയമപ്രകാരം സദാബാദിലെ പോലീസ് സ്റ്റേഷനിലേക്ക്​ വിളിച്ചു വരുത്തി. ഏറെ നേരം ചോദ്യം ചെയ്യലിനുശേഷം ആരോപണങ്ങൾ തെളിയിക്കപ്പെടാത്തതിനാൽ പാസ്റ്ററെ വിട്ടയച്ചു.

ഉത്തർപ്രദേശിലെ തന്നെ ബിജ്​നൂറിലെ ചക് ഗോർധൻ ഗ്രാമത്തിൽ ഞായറാഴ്ച പ്രാർത്ഥനക്ക്​ നേതൃത്വം നൽകി വീട്ടിലേക്ക് മടങ്ങുകയായിരുന്ന പാസ്റ്റർ ദിനേശിനെ പോലീസുകാർ അകാരണമായി തടഞ്ഞു വെച്ചു. അടുത്ത ദിവസം പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ്​ വിട്ടയച്ചത്​.

ഉത്തർപ്രദേശിലെ അസംഗഡിൽ പാസ്റ്റർ നന്ദു നഥാനിയേലിനെയും ഭാര്യയെയും ആരാധനാലയത്തിന് സമീപം താമസിക്കുന്ന ചിലരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.


ചത്തീസ്​ഗഡിലാണ്​ അടുത്ത അക്രമം. കുസുമി ഗ്രാമത്തിലെ ക്രിസ്തുമത വിശ്വാസികൾ രണ്ടുതവണയായാണ്​ ആക്രമണത്തിന്​ ഇരയായത്​. ചാപ്പലായി ഉപയോഗിച്ചിരുന്ന ചെറിയ മുറിയിൽ കയറിയ അക്രമിസംഘം അത് നശിപ്പിക്കുകയും അവിടെയുണ്ടായിരുന്ന 12 കാരനെ അടിക്കുകയും ചെയ്തു.

ചത്തീസ്ഗഡിലെ തന്നെ ഭിലായിയിൽ നിയമവിരുദ്ധമായ രീതിയിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച്​ പാസ്റ്റർ സന്തോഷ് റാവുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹരിയാനയിലെ കർണാലിൽ, സ്ത്രീ ഉൾപ്പെടെ 30ഓളം വിശ്വാസികളെ ഞായറാഴ്ച പ്രാർഥക്കിടെ സംഘ്​പരിവാർ സംഘം ആക്രമിച്ചു. അവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ആരാധന നടന്ന വീട് കൊള്ളയടിക്കുകയും ചെയ്തു.

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ ഞായറാഴ്ച പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയ 15 വിശ്വാസികളെ അഞ്ഞൂറോളം വരുന്ന അക്രമിസംഘമാണ്​ മർദിച്ചത്​. സ്ത്രീകളെയും പുരുഷന്മാരെയും സംഘം ആക്രമിച്ചു. അഞ്ച് പേർക്ക്​ സാരമായി പരിക്കേറ്റു. ഇതിൽ രജത് കുമാർ എന്നയാളുടെ നില ഗുരുതരമാണ്.

ഉത്തരാഖണ്ഡിലെ ജ്വാലാപൂരിൽ, തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന്​ പ്രാർഥനയോഗം തടസ്സപ്പെടുത്തുകയും വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്​തു. സംഭവത്തിൽ വിശ്വാസികൾ ഭയചകിതരാണെന്നും പരാതി നൽകിയിട്ടില്ലെന്നും പാസ്റ്റർ വിപിൻ കുമാർ പറഞ്ഞു.

മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്നാരോപിച്ച്​ കുഴപ്പം സൃഷ്​ടിച്ചു.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ അസോള ഫത്തേപ്പൂർ ബെറിയിൽ പാസ്റ്റർ സന്തോഷ് ഡാൻ എന്ന പുരോഹിതനെ 12 അംഗസംഘം വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി. ആളുകളെ നിയമവിരുദ്ധമായ വഴികളിലൂടെ മതം മാറ്റാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഒരു കാരണവശാലും ഹിന്ദുക്കളെ പാസ്റ്ററുടെ വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന്​ താക്കീത്​ നൽകിയാണ്​ അവർ മടങ്ങിയത്​.

റിപ്പോർട്ട്​ ചെയ്യപ്പെട്ട കേസുകളാണ്​ ഇവയെന്നും ഇതിനേക്കാൾ കൂടുതലാണ്​ യഥാർഥ കണക്കെന്നും ഇവർ വ്യക്​തമാക്കി. യു.പി ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന സ്ംസ്​ഥാനങ്ങൾ നടപ്പാക്കിയ പുതിയ മതപരിവർത്തന നിരോധന നിയമമാണ്​ അക്രമങ്ങൾക്ക്​ പ്രചോദനം. ഈ വർഷം ജൂൺ മുതലാണ്​ ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങൾ തീവ്രത കൈവരിച്ചതെന്നും​ മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Thirteen Attacks Against Christians in a Single day in Northern India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.