രാജ്ഗഡ് ( മധ്യപ്രദേശ് ) : മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയിൽ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികൾ അടക്കം പതിമൂന്ന് പേർ മരിച്ചു. പതിനഞ്ച് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തിൽ നിന്ന് രാജ്ഗഡിലെ കുലംപൂരിലേക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ പതിമൂന്നുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് മാറ്റി.
വിവാഹ ഘോഷയാത്രയിൽ പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപെട്ടത്. വാഹനത്തിൽ 50ഓളം ആളുകൾ ഉണ്ടായിരുന്നതായും അമിത ഭാരവും ഡ്രൈവർ മദ്യപിച്ച് വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ജെ.സി.ബി ഉപയോഗിച്ച് ട്രക്ക് മാറ്റിയശേഷമാണ് ആളുകളെ പുറത്തെടുക്കാനായത്. അപകടം നടന്ന ഉടൻ തന്നെ കളക്ടറും എസ്.പിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നിയന്ത്രിച്ചു.
സംസ്ഥാന സർക്കാർ രാജസ്ഥാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രാജസ്ഥാൻ പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.