ന്യൂഡൽഹി: മണിപ്പൂരിൽ നടന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ ആക്രമണമാണെന്ന് ഹൈബി ഈഡൻ എം.പി. ലോക് സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കവേയാണ് കേന്ദ്ര സർക്കാറിനെതിരെ ഹൈബി ആഞ്ഞടിച്ചത്. കേരളത്തിൽ ക്രിസ്ത്യൻ വിശ്വാസികൾക്ക് കേക്ക് നൽകുന്ന ബി.ജെ.പിക്കാർ രാജ്യത്തെ മറ്റു ഭാഗങ്ങളിൽ അവരെ ആക്രമിക്കുന്നുവെന്നും ഹൈബി ചൂണ്ടിക്കാട്ടി. രാജ്യത്തെയോ മണിപ്പൂരിലെയോ ജനങ്ങൾക്കൊപ്പമല്ല, അദാനിയുടെയും അംബാനിയുടെയും ഒപ്പം മാത്രമാണ് ഈ സർക്കാറെന്നും ഹൈബി കുറ്റപ്പെടുത്തി.
‘ഞാൻ മേയ് പത്തിന് മണിപ്പൂരിൽ ചുരചന്ദ്പൂർ ഉൾപ്പെയെുള്ള സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. അവിടെ മരുന്നും ഭക്ഷണവുമടക്കം എല്ലാം ലഭ്യമാണെന്നാണ് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയെ അറിയിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ ചുരചന്ദപൂർ മണിപ്പൂരിൽനിന്ന് തീർത്തും ബന്ധമറ്റ നിലയിലാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. അവിടെ മരുന്നും ഭക്ഷണവുമൊന്നും കിട്ടാതെ ആളുകൾ ബുദ്ധിമുട്ടുകയാണ്. സന്നദ്ധ സംഘടനകൾക്കോ ദുരിതാശ്വാസ പ്രവർത്തകർക്കോ മണിപ്പൂരിൽ യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
290 ഗോത്ര ഗ്രാമങ്ങൾ, 354 ട്രൈബൽ ചർച്ചുകൾ, 249 മേയ്തീ ആരാധനാലയങ്ങൾ, 16 കാത്തലിക് ചർച്ചുകൾ, 7500 ഭവനങ്ങൾ എന്നിവ മണിപ്പൂരിൽ അഗ്നിക്കിരയായിട്ടുണ്ട്. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമാണ്. രാജ്യത്തെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണമാണ്.
കേരളത്തിൽ ബി.ജെ.പി നേതാക്കൾ വീടുകൾ തോറും സന്ദർശനം നടത്തുന്നു; ബിഷപ്പുമാരെ കാണുന്നു, ഈസ്റ്റർ ദിനത്തിൽ ആളുകളെ കണ്ട് അവർക്ക് കേക്ക് നൽകുന്നു. മറുവശത്ത് ഈ രാജ്യത്തെ ക്രിസ്ത്യാനികളെയും ചർച്ചുകളെയും ആക്രമിക്കുകയാണവർ.
ഈ സർക്കാർ സബ്കേ സാഥ് (എല്ലാവരുടെയും കൂടെ) എന്നാണ് നിങ്ങൾ പറയുന്നത്. ശരിക്കും ആരുടെ കൂടെയാണ് ഈ സർക്കാർ? പീഡിതരുടെയോ ദളിതരുടെയോ ആദിവാസികളുടെയോ യുവാക്കളുടെയോ കൂടെയാണോ? ആരുടെയും കൂടെയല്ല. മണിപ്പൂരിന്റെ കൂടെ പോലുമല്ല ഈ സർക്കാർ. ഈ സർക്കാർ അദാനിയുടെയും അംബാനിയുടെയും കൂടെ മാത്രമാണ്’ -ഹൈബി ആഞ്ഞടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.