ന്യൂഡൽഹി: ബി.ജെ.പിയും ജനതാദൾ-യുവുമായി സീറ്റ് പങ്കിടൽ കഴിഞ്ഞപ്പോൾ നിരാശരായ നിരവധി ബി.ജെ.പി നേതാക്കൾ ലോക് ജൻശക്തി പാർട്ടിയിലേക്ക്. ജനതാദൾ-യുവുമായി സഖ്യമില്ലാതിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച പലർക്കും സീറ്റില്ലാതെ വന്നതോടെയാണ്, ഒറ്റക്ക് മത്സരിച്ച് മുഖ്യമന്ത്രി നിതീഷ്കുമാറിനോട് പോരടിക്കുന്ന എൽ.ജെ.പി ഇടത്താവളമായി തെരഞ്ഞെടുത്ത് ഇവർ സീറ്റ് തരപ്പെടുത്തുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അറിയപ്പെട്ട മുതിർന്ന നേതാവ് രാജേന്ദ്ര സിങ് എൽ.ജെ.പിയിൽ ചേർന്നു. സീറ്റ് പങ്കിടൽ ധാരണ പ്രകാരം അദ്ദേഹത്തിെൻറ ദിനാര സീറ്റ് ജെ.ഡി.യുവിന് വിട്ടുകൊടുത്തതാണ് വിഷയം. നാലു പതിറ്റാണ്ടിലേറെയായി ആർ.എസ്.എസിൽ പ്രവർത്തിച്ചുവന്ന രാജേന്ദ്ര സിങ്ങിനെ പാർട്ടിയിലെടുത്ത് എൽ.ജെ.പി ടിക്കറ്റ് നൽകിപ്പോൾ ജെ.ഡി.യു സ്ഥാനാർഥിയുടെ നില പരുങ്ങലിലായി. പാസ്വാനുമായി ഒത്തുകളിച്ച് ജെ.ഡി.യുവിനെ ഒതുക്കാൻ ബി.ജെ.പി നീക്കമുണ്ടെന്ന വാർത്തകൾക്കിടയിലാണ് ബി.ജെ.പിക്കും എൽ.ജെ.പിക്കും ഇടയിലെ 'അന്തർധാര'.
രാജേന്ദ്ര സിങ്ങിന് പിന്നാലെ മുതിർന്ന ബി.ജെ.പി നേതാവ് ഉഷാ വിദ്യാർഥിയേയും എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ പാർട്ടിയിലേക്ക് സ്വീകരിച്ച് ടിക്കറ്റ് നൽകി. ബി.ജെ.പിക്കെതിരെ മത്സരിക്കില്ലെങ്കിലും ജെ.ഡി.യുവിനെ തോൽപിക്കാൻ ഉറച്ച എൽ.ജെ.പിക്ക് 120ഓളം സീറ്റിൽ മത്സരിക്കാനാവും. വരുന്ന പലർക്കും ടിക്കറ്റ് നൽകി ജെ.ഡി.യു സ്ഥാനാർഥികളെ തോൽപിക്കാനാവും. മറ്റൊരു മുതിർന്ന ബി.ജെ.പി നേതാവ് രാംനരേഷ് ചൗരസ്യ, തൊട്ടു പിന്നാലെ ബരുൺ പാസ്വാൻ എന്നിവരും നേരത്തേ എൽ.ജെ.പിയിൽ ചേർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പടം വെച്ച പോസ്റ്റർ എൽ.ജെ.പി അടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ജെ.ഡി.യു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.