കൊൽക്കത്ത: ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പശ്ചിമ ബംഗാളിൽ മൂന്ന് ബി.ജെ.പി എം.എൽ.എമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശങ്കർ ഘോഷ്, അനന്ദമോയ് ബർമൻ, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു.
വടക്കൻ ബംഗാളിൽ കോവിഡ് മരണസംഖ്യ ഉയരുന്നത് സർക്കാറിന്‍റെ വീഴ്ചയാണെന്നാരോപിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് എം.എൽ.എമാരെ അറസ്റ്റ് ചെയ്തത്. സിലിഗുരിയിലെ സഫ്ദർ ഹാഷ്മി ചൗക്കിൽ ധർണ നടത്തിയ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ധർണ നടത്തിയതെന്നും സ്ഥലത്ത് ആൾക്കൂട്ടം ഉണ്ടായിരുന്നില്ലെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും എം.എൽ.എമാർ ആരോപിച്ചു.
അതേസമയം, ലോക്ഡൗണിൽ പ്രതിഷേധം സംഘടിപ്പിച്ച് ജനങ്ങളെ ഒറ്റിക്കൊടുക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ദുരന്ത സാഹചര്യത്തെ പോലും രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും തൃണമൂൽ കുറ്റപ്പെടുത്തി.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പശ്ചിമബംഗാളിൽ ഇന്നുമുതൽ രണ്ടാഴ്ചത്തെ ലോക്ഡൗൺ നടപ്പാക്കിയിരിക്കുകയാണ്.
ലോക്ഡൗണിൽ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കും. ബസ്, മെട്രോ സർവീസുകൾ ഉണ്ടാവില്ലെന്നും സർക്കാർ അറിയിച്ചു. ഓട്ടോ-ടാക്സി സർവീസിനും നിയന്ത്രണമുണ്ടാകും.
അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ 10 മണി വരെ തുറക്കാം. പെട്രോൾ പമ്പുകൾ സാധാരണപോലെ തുറക്കും. ബാങ്കുകൾക്ക് 10 മുതൽ രണ്ട് വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാരുമായി തേയില നിർമ്മാണ കമ്പനികൾക്ക് പ്രവർത്തിക്കാമെന്നും സർക്കാർ അറിയിച്ചു.
സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, മതപരമായ കൂടിചേരലുകൾ അനുവദിക്കില്ല. വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാനാണ് അനുമതി. പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.