തഞ്ചാവൂർ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥികൾ

തമിഴ്​നാട്ടിൽ ഷവർമ കഴിച്ച്​ ദേഹസ്വാസ്ഥ്യം; മൂന്ന്​ കോളജ്​ വിദ്യാർഥികൾ ആശുപത്രിയിൽ

ചെന്നൈ: തഞ്ചാവൂരിൽ ഷവർമ കഴിച്ചതിനെ തുടർന്ന്​ ദേഹസ്വാസ്ഥ്യം ബാധിച്ച മൂന്ന്​ കോളജ്​ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തഞ്ചാവൂർ ഓരത്തുനാട്​ ഗവ. വെറ്റിനറി മെഡിക്കൽ കോളജിലെ വിദ്യാർഥികളായ കന്യാകുമാരി സ്വദേശി പ്രവീൺ (22), പുതുക്കോട്ട പരിമളേശ്വരൻ (21), ധർമപുരി മണികണ്ഠൻ (22) എന്നിവരാണ്​ തഞ്ചാവൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്​.

ഹോസ്റ്റലിൽ താമസിച്ച്​ പഠിക്കുന്ന ഇവർ വ്യാഴാഴ്ച രാത്രി ഓരത്തുനാട്​ ജംഗ്​ഷനിലെ പെട്രോൾ ബങ്കിന്​ സമീപത്തെ ഫാസ്റ്റ്​ ഫുഡ്​ ഹോട്ടലിൽനിന്ന്​ ചിക്കൻ ഷവർമ കഴിച്ചു. ഹോസ്റ്റലിൽ മടങ്ങിയെത്തിയ മൂവർക്കും ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു.

ബോധരഹിതരായ മൂവരെയും മറ്റു ഹോസ്റ്റൽ അന്തേവാസികളാണ്​ ഓരത്തുനാട്​ ഗവ. ആശുപത്രിയിലെത്തിച്ചത്​. പിന്നീട്​ തഞ്ചാവൂർ മെഡിക്കൽ കോളാജ് ആശുപത്രിയിലേക്ക്​ റഫർ ചെയ്തു.

സംഭവത്തെ തുടർന്ന്​ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. പ്രസ്തുത കേന്ദ്രം താൽക്കാലികമായി അടച്ചിടാനും അധികൃതർ ഉത്തരവിട്ടു.

ഷവർമ കഴിച്ച്​ കേരളത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന്​ തമിഴ്​നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടി ഊർജിതപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Three college students hospitalized after eating shawarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.