ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിലെ മൂന്നു സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ഈസ്റ്റ് കൈലാശിലെ ഡൽഹി പബ്ലിക് സ്കൂൾ, മയൂർവിഹാറിലെ സൽവാൻ പബ്ലിക് സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ എന്നിവക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
രാവിലെ നാലരയോടെ ഫോണിലൂടെയും ഇമെയ്ൽ വഴിയുമാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. പൊലീസ്, അഗ്നിശമനസേന ഉദ്യോഗസ്ഥരും ബോംബ് ഡിറ്റക്ഷൻ ടീമുകളും ഡോഗ് സ്ക്വാഡുകളും സ്കൂളുകളിൽ എത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡൽഹി പൊലീസ് നിർദേശം നൽകി.
ഡിസംബർ ഒമ്പതിന് സമാനരീതിയിൽ ഡൽഹിയിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഡൽഹിയിലെ 40 സ്‌കൂളുകൾക്ക് 30,000 ഡോളർ ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. നഗരത്തിലെ പ്രമുഖ സ്‌കൂളുകളിലേക്കാണ് ഒറ്റ ഇ-മെയിലിൽ ഭീഷണി സന്ദേശം അയച്ചത്. ഡി.പി.എസ് ആർ.കെ പുരം ജി.ഡി ഗോയങ്ക സ്കൂൾ, പശ്ചിമ വിഹാറിലെ ബ്രിട്ടീഷ് സ്കൂൾ, ചാണക്യ പുരിയിലെ ദ മദേഴ്‌സ് ഇന്‍റർനാഷണൽ, അരബിന്ദോ മാർഗിലെ മോഡേൺ സ്കൂൾ, ഡൽഹി പൊലീസ് പബ്ലിക് സ്കൂൾ തുടങ്ങിയവ ഇതിൽപ്പെടുന്നു.
സ്‌കൂളുകൾ അടച്ചശേഷം ഡിസംബർ എട്ടിന് രാത്രി 11.38ന് സ്‌കൂളുകളുടെ ഐ.ഡിയിൽ scottielanza@gmail.com എന്ന വിലാസത്തിൽ നിന്ന് മെയ്ൽ വന്നതായി വൃത്തങ്ങൾ അറിയിച്ചു. ‘ഞാൻ കെട്ടിടത്തിനുള്ളിൽ ഒന്നിലധികം ബോംബുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോംബുകൾ ചെറുതും നന്നായി മറച്ചിരിക്കുന്നവയുമാണ്. ഇത് കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ വരുത്തില്ല. പക്ഷേ ബോംബുകൾ പൊട്ടിത്തെറിക്കുമ്പോൾ നിരവധി ആളുകൾക്ക് പരിക്കേൽക്കും’ -ഇ മെയിൽ പറഞ്ഞിരുന്നത്.
‘എനിക്ക് 30,000 ഡോളർ നൽകിയില്ലെങ്കിൽ നിങ്ങൾ എല്ലാവരും കഷ്ടപ്പെടാനും കൈകാലുകൾ നഷ്ടപ്പെടാനും അർഹരാണ്. =E2=80=9CKNR=E2=80=9D എന്ന ഗ്രൂപ്പാണ് ഈ ആക്രമണത്തിന് പിന്നിലെന്നും അതിൽ പറയുന്നു.
മേയ് മാസത്തിൽ, നഗരത്തിലെ 200ലധികം സ്‌കൂളുകൾക്കും ആശുപത്രികൾക്കും മറ്റ് പ്രധാന സർക്കാർ സ്ഥാപനങ്ങൾക്കും സമാനമായ ബോംബ് ഭീഷണി ലഭിച്ചിരുന്നുവെങ്കിലും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് ഉപയോഗിച്ച് മെയിൽ അയച്ചതിനാൽ കേസ് ഇതുവരെ പരിഹരിക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.