Representative Image 

പ്രീമിയം കോച്ചിൽ ടിക്കറ്റില്ലാതെ 21 യാത്രക്കാർ, സ്ക്വാഡിന്‍റെ പരിശോധനയിൽ കണ്ടെത്തിയത് ടി.ടി.ഇയുടെ ഒത്തുകളി; അന്വേഷണം

ന്യൂഡൽഹി: ശതാബ്ദി ട്രെയിൻ എ.സി കോച്ചിൽ ടിക്കറ്റില്ലാതെ യാത്രക്കാർ സഞ്ചരിച്ച സംഭവത്തിൽ ടി.ടി.ഇയുടെ ഒത്തുകളി പുറത്ത്. ട്രെയിനിൽ സീറ്റ് ബുക്ക് ചെയ്തിട്ടും കയറാത്ത 21 യാത്രക്കാർക്ക് പകരമായി ടി.ടി.ഇ പണം വാങ്ങി മറ്റ് യാത്രക്കാരെ കയറ്റുകയായിരുന്നു. സംഭവത്തിൽ നോർത്ത് സെൻട്രൽ റെയിൽവേ അന്വേഷണം തുടങ്ങി.

ഒക്ടോബർ 29നായിരുന്നു സംഭവം. ടിക്കറ്റില്ലാത്ത നിരവധി യാത്രക്കാർ ഡൽഹി-ലഖ്നോ സ്വർണ ശതാബ്ദി എക്സ്പ്രസിന്‍റെ എ.സി കോച്ചിൽ യാത്ര ചെയ്യുന്നതായി റെയിൽവേ അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് റെയിൽവേ ടിക്കറ്റ് പരിശോധന സ്ക്വാഡിന് ട്രെയിനിൽ പരിശോധന നടത്താനുള്ള നിർദേശം നൽകി. തുണ്ട്ല സ്റ്റേഷനിൽ നിന്ന് സ്ക്വാഡ് അംഗങ്ങൾ മൂന്ന് കോച്ചുകളിൽ പരിശോധന നടത്തി. ഇതിൽ സി11 കോച്ചിലെ 21 പേർ ടിക്കറ്റില്ലാതെ യാത്രചെയ്യുകയാണെന്ന് കണ്ടെത്തി. ഇവരോട് പിഴയടക്കാൻ പറഞ്ഞപ്പോൾ, ടി.ടി.ഇക്ക് നേരത്തെ പണം നൽകിയെന്ന വിവരമാണ് ലഭിച്ചത്.

തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് ടി.ടി.ഇയുടെ അഴിമതി കണ്ടെത്തിയത്. സി11 കോച്ചിൽ നേരത്തെ യാത്രക്കായി റിസർവ് ചെയ്തിരുന്ന 21 അംഗ സംഘം ട്രെയിനിൽ കയറിയിരുന്നില്ല. ഇവർ ടിക്കറ്റ് റദ്ദാക്കുകയും ചെയ്തിരുന്നില്ല. യാത്രക്കാർ കയറാത്തത് രേഖപ്പെടുത്താതെ ടി.ടി.ഇ പകരം ആളുകളെ കയറ്റുകയായിരുന്നു. 2000നും 3000നും ഇടയിൽ തുക ഓരോരുത്തരുടെയും കൈയിൽ നിന്ന് ഈടാക്കിയെങ്കിലും ഇതിന് റസീറ്റ് നൽകുകയോ രേഖപ്പെടുത്തുകയോ ചെയ്തില്ല. ടി.ടി.ഇയോട് ഇക്കാര്യം ചോദിച്ചപ്പോൾ കൃത്യമായ വിശദീകരണം നൽകാനുമായില്ല. തുടർന്നാണ് ഇയാൾക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. 

Tags:    
News Summary - Ticketless Passengers Allowed To Travel On A Shatabdi Express, Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.