ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇൻസുലിൻ ആവശ്യമില്ലെന്ന് തിഹാർ ജയിൽ അധികൃതർ. പ്രമേഹ ബാധിതനായ കെജ്രിവാൾ കുറച്ചുവർഷങ്ങളായി ഇൻസുലിൻ ഉപയോഗിച്ചിരുന്നതായും എന്നാൽ തെലങ്കാനയിലെ ഡോക്ടറുടെ നിർദേശ പ്രകാരം ഏതാനും മാസമായി അത് നിർത്തിയെന്നും ജയിൽ അധികൃതർ ഡൽഹി ലഫ്.ഗവർണർ വി.കെ. സക്സേനക്ക് റിപ്പോർട്ട് നൽകി.
ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ നിന്നുള്ള രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്. കെജ്രിവാളിന് ഇൻസുലിന്റെ ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടില്ല. പ്രമേഹത്തിനായി ഡൽഹി മുഖ്യമന്ത്രി മരുന്നുകൾ കഴിക്കുന്നുണ്ടെന്നും തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കി.
മദ്യവിരുദ്ധ അഴിമതിക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്ന അദ്ദേഹം തിഹാർ ജയിലിലാണ്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ ഇൻസുലിൻ നൽകാതെ തയാറാകാത്തതിനെ തുടർന്ന് കെജ്രിവാൾ ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ വിധി പറയുന്നത് മാറ്റിവെച്ച കോടതി കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ഭക്ഷണ ക്രമത്തെ കുറിച്ചും ജയിലധികൃതരോട് വിശദീകരണം തേടി.
കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർധിച്ചതായും ഇൻസുലിനും ഡോക്ടറുടെ സേവനവും നൽകാതെ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുകയാണ് അധികൃതരെന്നും എ.എ.പി ആരോപിച്ചിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് ലഫ്. ഗവർണർ ജയിൽ അധികൃതരോട് വിശദീകരണം തേടിയത്.
കെജ്രിവാൾ ഇൻസുലിൻ എടുക്കുന്നത് നിർത്തിയെന്നും തെലങ്കാനയിലെ ഡോക്ടറുടെ നിർദേശപ്രകാരം മെറ്റ്ഫോർമിൻ ആണ് കഴിക്കുന്നതും അധികൃതർ റിപ്പോർട്ട് നൽകി. കെജ്‌രിവാളിന്റെ ആരോഗ്യനില ദിവസവും നിരീക്ഷിച്ചു വരികയാണെന്നും ജയിൽ ഡിസ്പെൻസറിയിൽ നിന്ന് നിർദ്ദേശിച്ച മരുന്നുകളെല്ലാം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ സർക്കുലർ പ്രകാരം കെജ്‌രിവാൾ ആവശ്യപ്പെട്ടതുപോലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും റഫർ ചെയ്യാനാകില്ലെന്നും ജയിൽ അധികൃതർ അറിയിച്ചു.
അതിനിടെ, ജാമ്യം ലഭിക്കാനായി കെജ്രിവാൾ മനഃപൂർവം മധുരവും മാങ്ങയും കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചിരുന്നു.
കേജ്‌രിവാളിനായി എയിംസ് നൽകിയ ഡയറ്റ് പ്ലാനിൽ വറുത്ത ഭക്ഷണങ്ങളായ പൂരി, പറാത്ത, സമൂസ, പക്കോറ, നംകീൻ, ഭുജിയ, അച്ചാറുകൾ, പപ്പടം, മധുരപലഹാരങ്ങൾ, കേക്ക്, ജാം, ചോക്കലേറ്റ്, പഞ്ചസാര, ശർക്കര, തേൻ, ഐസ്‌ക്രീം എന്നിവ കർശനമായി നിരോധിച്ചിരുന്നു. മാങ്ങ, വാഴപ്പഴം, ചിക്കൂ, ലിച്ചി, മുന്തിരി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നതിനും നിയന്ത്രണമുണ്ട്. തിഹാർ ജയിലിലാണ് തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിതയും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.