അമരാവതി: വൈ.എസ്.ആർ കോൺഗ്രസ് ഭരണകാലത്ത് തിരുമല തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമായി നൽകുന്ന ലഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം വിവാദമായി കത്തിപ്പടരുന്നു. ആന്ധ്രപ്രദേശ് സർക്കാറിനോട് വിശദീകരണം തേടിയ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയും അന്വേഷണമാവശ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്ത്യാനിയായ ജഗൻ മോഹൻ റെഡ്ഡി ക്ഷേത്രാചാരങ്ങളെ തകർക്കാൻ ശ്രമിക്കുന്നുവെന്നും നായിഡു ആരോപിച്ചിരുന്നു. അതേസമയം, നായിഡു വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് ജഗൻ മോഹൻ മറുപടി നൽകി. രാഷ്ട്രീയ നേട്ടത്തിനായി ദൈവത്തെ ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗുജറാത്തിലെ നാഷനൽ ഡെയറി ഡെവലപ്മെന്റ് ബോർഡിന് കീഴിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡ് ലാബ് നടത്തിയ പരിശോധനയിൽ ലഡു നിർമിക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും അടങ്ങിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയത്.
രണ്ടു മാസം മുമ്പ് നിലവാരം കുറഞ്ഞ നെയ്യ് വിതരണംചെയ്ത വ്യാപാരിയെ തിരുമല ദേവസ്വം കരിമ്പട്ടികയിൽപെടുത്തിയിരുന്നു. കിലോക്ക് 320 രൂപക്കാണ് കഴിഞ്ഞ സർക്കാർ നെയ്യ് വാങ്ങാൻ ടെൻഡർ നൽകിയത്. വിപണി വില 900 രൂപയുള്ള നെയ്യ് ഇത്രയും കുറഞ്ഞ് വിലക്ക് ലഭിച്ചത് മായം ചേർത്തതുകൊണ്ടാണെന്ന് ടി.ഡി.പി നേതാക്കൾ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.