തിരുപ്പതി ലഡ്ഡു: സനാതന ധർമത്തിനെതിരായ ആക്രമണമെന്ന് പവൻ കല്യാൺ; ആശങ്ക പരത്താതെ അന്വേഷിക്കൂവെന്ന് പ്രകാശ് രാജ്

തിരുമലയിലെ തിരുപ്പതി വേങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്ത ലഡ്ഡു നിർമിച്ചത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന ആരോപണം കത്തുന്നതിനിടെ വാക്പോരുമായി നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണും നടൻ പ്രകാശ് രാജും. ‘സനാതന ധർമത്തിനെതിരായ ആക്രമണം’ എന്നാണ് പവൻ കല്യാൺ സംഭവത്തെ വിശേഷിപ്പിച്ചത്. പ്രസാദം അശുദ്ധമാക്കാനുള്ള ‘ദുരുദ്ദേശ്യപരമായ ശ്രമങ്ങൾ’ നടന്നെന്നും പവൻ കല്യാൺ ആരോപിച്ചു. എന്നാൽ, ആശങ്ക പരത്തുന്നതിന് പകരം പവൻ കല്യാൺ ഇക്കാര്യം അന്വേഷിക്കുകയാണ് വേണ്ടതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയുമായും പവൻ കല്യാൺ രംഗത്തെത്തി.

‘ഞാൻ ഹിന്ദുമതത്തിന്റെ പവിത്രതയെയും ഭക്ഷണത്തിൽ മായം കലർത്തുന്നത് പോലുള്ള പ്രശ്‌നങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത്. എന്തുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് എനിക്ക് സംസാരിച്ചുകൂടാ?. പ്രകാശ് രാജിനെ ഞാൻ ബഹുമാനിക്കുന്നു. മതേതരത്വത്തിന്റെ കാര്യത്തിൽ അത് എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണം. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ വിമർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സനാതന ധർമത്തിനെതിരായ ആക്രമണങ്ങളിൽ ഞാൻ ശബ്ദിക്കേണ്ടതല്ലേ?’ -പവൻ കല്യാൺ ചോദിച്ചു.

‘ഞാൻ സനാതന ധർമത്തെ വളരെ ഗൗരവമായി കാണുന്ന ആളാണ്. അയ്യപ്പനെയും സരസ്വതി ദേവിയെയും ലക്ഷ്യമിട്ട് നിരവധി വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. സനാതന ധർമം പരമപ്രധാനമാണ്. ഓരോ ഹിന്ദുവും ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കണം. മറ്റ് മതങ്ങളിൽ സമാന പ്രശ്‌നങ്ങൾ ഉണ്ടായാൽ വ്യാപക പ്രക്ഷോഭം നടക്കുമായിരുന്നു’ -പവൻ കൂട്ടിച്ചേർത്തു.

എന്നാൽ, പവൻ കല്യാണിന് മറുപടിയുമായി പ്രകാശ് രാജ് എക്സിൽ വിഡിയോ പുറത്തുവിട്ടു. ‘പ്രിയ പവൻ കല്യാൺ, ഞാൻ താങ്കളുടെ വാർത്ത സമ്മേളനം കണ്ടു. ഞാൻ പറഞ്ഞ കാര്യം നിങ്ങൾ തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യപ്പെടുത്തുന്നു. ഞാൻ വിദേശത്ത് ഷൂട്ടിലാണ്. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഞാൻ വീണ്ടും വരും. അതിനിടയിൽ, എന്റെ മുൻ ട്വീറ്റ് നോക്കി അത് മനസ്സിലാക്കാൻ കഴിയുമെങ്കിൽ ഞാൻ അഭിനന്ദിക്കുന്നു’ -എന്നിങ്ങനെയായിരുന്നു പ്രകാശ് രാജിന്റെ മറുപടി.

വൈ.എസ്.ആർ കോൺഗ്രസിന്റെ കാലത്ത് തിരുമലയിലെ തിരുപ്പതി വേങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ പ്രസാദമായി വിതരണം ചെയ്ത ലഡ്ഡു നിർമിച്ചത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന് ആദ്യം ആരോപിച്ചത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവായിരുന്നു. പിന്നാലെ ഗുജറാത്തിലെ ലാബിൽ നടത്തിയ പരിശോധനയിൽ സാംപിളിൽ മൃഗക്കൊഴുപ്പിന്റെയും മത്സ്യ എണ്ണയുടെയും സാന്നിധ്യവും കണ്ടെത്തി. സംഭവത്തിൽ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര സർക്കാർ.

അതേസമയം, നായിഡുവിന്റെ ആരോപണം വൈ.എസ്.ആർ കോൺഗ്രസ് തള്ളിയിരുന്നു. ആരോപണത്തെതുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ശുദ്ധികലശം നടന്നിരുന്നു. നാലു മണിക്കൂറോളം ദൈർഘ്യമുള്ള പൂജയാണ് നടത്തിയത്. ദോഷമകറ്റാനും ലഡ്ഡു പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുക്കാനും വേണ്ടിയാണിതെന്നാണ് അധികൃതരുടെ വിശദീകരണം.

സംഭവം ദേശീയ തലത്തിൽ ചർച്ചയാക്കാൻ സംഘ്പരിവാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. കോടതി നിരീക്ഷണത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഹിന്ദു സേനയും സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. വി.എച്ച്.പിയുടെ അന്താരാഷ്ട്ര സെക്രട്ടറി ബജ്റംഗ് ബാഗ്ര ഉൾപ്പെടെ പ്രമുഖ നേതാക്കൾ തിരുപ്പതിയിലെത്തുകയും ചെയ്തു. സംഭവത്തിൽ ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വസതിക്ക് മുന്നിൽ കഴിഞ്ഞ ദിവസം യുവമോർച്ച പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.

Tags:    
News Summary - Tirupati Laddu: Pawan Kalyan calls it an attack on Sanatana Dharma; Prakash Raj says to investigate without spreading apprehensions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.