തിരുപ്പതി ലഡു വിവാദം: സി.ബി.ഐ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തിരുപ്പതി ലഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് അടങ്ങിയ ഗുണനിലവാരമില്ലാത്ത നെയ്യ് ഉപയോഗിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ സി.ബി.ഐയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി ഉത്തരവിട്ടു. സി.ബി.ഐ, സംസ്ഥാന പൊലീസ്, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ അംഗം എന്നിവരടങ്ങുന്നതാണ് പുതിയ അന്വേഷണ സംഘം.

ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താൻ ആരോപണങ്ങൾക്ക് സാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ഈ വിഷയത്തിൽ സംസ്ഥാന പൊലീസ്, സി.ബി.ഐ, എഫ്.എസ്.എസ്.എ.ഐ എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്ന സ്വതന്ത്രസംഘം അന്വേഷണം നടത്തുമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എസ്.ഐ.ടി അന്വേഷണം സി.ബി.ഐ ഡയറക്ടർ നിരീക്ഷിക്കുമെന്നും പറഞ്ഞു. പ്രശസ്തമായ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലെ കോടിക്കണക്കിന് ഭക്തരുടെ വികാരം ശമിപ്പിക്കാനാണ് ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

‘സംസ്ഥാന എസ്.ഐ.ടിയിലെ അംഗങ്ങളുടെ സ്വാതന്ത്ര്യത്തി​ന്‍റെ നീതിയുടെയും പ്രതിഫലനമായി ഞങ്ങളുടെ ഉത്തരവിനെ വ്യാഖ്യാനിക്കരുതെന്ന് വ്യക്തമാക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകളുടെ വികാരങ്ങൾ ശമിപ്പിക്കാൻ മാത്രമാണ് ഞങ്ങൾ ഈ സമിതിയെ രൂപീകരിച്ചത്’ എന്ന് സുപ്രീംകോടതി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, വിഷയത്തിലെ ആരോപണ പ്രത്യാരോപണങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നതിൽനിന്ന് കോടതി വിട്ടുനിന്നു. കോടതിയെ ‘രാഷ്ട്രീയ യുദ്ധക്കളമായി’ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു.

മുൻ വൈ.എസ്.ആർ കോൺഗ്രസ് സർക്കാറി​ന്‍റെ കാലത്ത് ലഡു ഉണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും കണ്ടെത്തിയതായി ലാബ് റിപ്പോർട്ട് ഉദ്ധരിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവകാശപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം വിവാദം പൊട്ടിപ്പുറപ്പെട്ടത്. ആന്ധ്രാപ്രദേശ് സർക്കാറിനു വേണ്ടി ഹാജറായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയും ഹരജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച കപിൽ സിബലും തമ്മിൽ രൂക്ഷമായ വാദം നടന്നു.

സംസ്ഥാന സർക്കാർ രൂപീകരിച്ച എസ്.ഐടിയെ അന്വേഷണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്ന് റോഹ്ത്തഗി പറഞ്ഞു. കോടതിക്ക് ഇഷ്ടമുള്ള ഏത് ഉദ്യോഗസ്ഥനെയും ചേർക്കാം. എസ്.ഐ.ടിക്കെതിരെ ഒരു ആരോപണവും ഉണ്ടാകില്ലെന്നും റോഹ്ത്തഗി പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവി​ന്‍റെ പ്രസ്താവനകൾ പക്ഷപാതപരമാണെന്നും ഒരു സ്വതന്ത്ര സമിതി ഇക്കാര്യം അന്വേഷിക്കണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. തുടർന്ന്, ആരോപണങ്ങൾ അതീവ ഗുരുതരമാണെന്നും സി.ബി.ഐയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടുക​യാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Tags:    
News Summary - Tirupati laddu row: Supreme Court forms special team, CBI to monitor probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.