അഗർത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിനുള്ള തൃണമൂൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. രണ്ടു ലക്ഷം പേർക്ക് തൊഴിലും നാലു മുതൽ എട്ടാംക്ലാസ് വരെയുള്ളവർക്ക് പ്രതിവർഷം ആയിരം രൂപയും വാഗ്ദാനം ചെയ്യുന്നതാണ് പ്രകടന പത്രിക. തൊഴിലില്ലാത്ത യുവാക്കൾക്ക് പ്രതിമാസം ആയിരം രൂപ നൽകും. പശ്ചിമ ബംഗാൾ മാതൃകയിലുള്ള സാമൂഹിക ക്ഷേമ പദ്ധതികളും ചേർത്തിട്ടുണ്ട്.
പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നോടിയായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഫെബ്രുവരി 16ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 28 നിയമസഭ സീറ്റുകളിലാണ് തൃണമൂൽ മത്സരിക്കുന്നത്.രണ്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ വകുപ്പുകളിൽ ഒഴിവുള്ള എല്ലാ തസ്തികകളും യുദ്ധകാലാടിസ്ഥാനത്തിൽ നികത്തും. പിരിച്ചുവിട്ട 10,323 അധ്യാപകർക്കും നിയമപ്രശ്നം പരിഹരിക്കപ്പെടുംവരെ ആനുകൂല്യം നൽകും -അദ്ദേഹം പറഞ്ഞു.
നൈപുണ്യ സർവകലാശാല, സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡുകൾ, ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിലുള്ള വായ്പകൾ എന്നിവയും വാഗ്ദാനങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.