കൊൽക്കത്ത: ദേശീയ രാഷ്ട്രീയത്തിലിറങ്ങാൻ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് തൃണമൂൽ കോൺഗ്രസ്. അസം കോൺഗ്രസ് നേതാവ് സുസ്മിത ദേവ്, ത്രിപുരയിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ തൃണമൂലിലെത്തിയതോടെയാണ് ചിത്രം തെളിഞ്ഞത്.
30 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചായിരുന്നു സുസ്മിതയുടെ തൃണമൂലിലേക്കുള്ള കടന്നുവരവ്. അടുത്തിടെ മുൻ മന്ത്രി പ്രകാശ് ദാസ്, മുൻ എം.എൽ.എ സുബൽ ഭൗമിക്, ത്രിപുര യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് ശന്തനു സാഹ തുടങ്ങിയവർ തൃണമൂലിൽ എത്തിയിരുന്നു. 2023 നിയമസഭ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഫലമുണ്ടാക്കുകയാണ് തൃണമൂൽ ലക്ഷ്യം. തൃണമൂൽ നേതാവും എം.പിയുമായ അഭിഷേക് ബാനർജിയുടെ ത്രിപുര സന്ദർശനങ്ങൾ ഇതോടെ ചർച്ചയായിരുന്നു.
അസമിലെ തെക്കൻ മേഖലയാണ് ബാരക് താഴ്വര. കച്ചാർ, കരിംഗഞ്ച്, ഹൈലക്കണ്ട എന്നീ മൂന്നു ജില്ലാ ഭരണകൂട പ്രദേശങ്ങൾ ചേരുന്നതാണ് ഇവിടം. ബാരക് വാലിയിലെ പ്രധാന ബംഗാളി നേതാവായിരുന്നു സുസ്മിത. ബംഗാളി ഔദ്യോഗിക ഭാഷയായ ഇവിടെ 80 ശതമാനം പേരും സിൽഹെതി ഭാഷയാണ് സംസാരിക്കുന്നത്. ഇവിടം കേന്ദ്രീകരിച്ചാകും തൃണമൂലിന്‍റെ പ്രവർത്തനങ്ങൾ ശക്തമാക്കുക.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മറ്റു പാർട്ടികളിൽനിന്ന് കൂടുതൽപേർ വരും ദിവസങ്ങളിൽ തൃണമൂലിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ തൃണമൂലിന് അവിടെ അടിത്തറ കെട്ടിപ്പടുക്കാനാകും. അസം, ത്രിപുര സംസ്ഥാനങ്ങൾക്കായിരിക്കും കൂടുതൽ പ്രാമുഖ്യം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.