കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയിലേക്ക് പോകുന്നു. താൻ ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍ സുഭ്രഗ്ഷു റോയി രംഗത്തെത്തിയിരുന്നു. ഡല്‍ഹിയിലേക്ക് പുറപ്പെട്ട പിതാവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു പരാതി. പിന്നാലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ എത്തിയതായുള്ള വാര്‍ത്തകൾ പുറത്തുവന്നത്. ഡൽഹിയിൽ ബംഗാളി വാർത്ത ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് ബി.ജെ.പിയിലേക്ക് പോകുന്ന സൂചന നൽകിയത്.
‘ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. ബി.ജെ.പിക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കിയത് പാർട്ടിയാണ്. എനിക്ക് അമിത് ഷായെ കാണാനും പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി സംസാരിക്കാനും ആഗ്രഹമുണ്ട്’ -മുകുൾ റോയ് പറഞ്ഞു. ബി.ജെ.പി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് ടി.എം.സി നേതാവ് സോവന്ദേബ് ചതോപാധ്യായ കുറ്റപ്പെടുത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപകന്‍ കൂടിയായ മുകുള്‍ റോയ് മമതയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് 2017ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. 2020ല്‍ ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. തുടര്‍ന്ന് 2021ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം റോയ് വീണ്ടും തൃണമൂലില്‍ എത്തുകയായിരുന്നു. എം.എല്‍.എ സ്ഥാനം രാജിവെക്കാതെയായിരുന്നു അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.