മാധ്യമപ്രവർത്തകരെ കുരങ്ങൻമാരെന്ന് വിളിച്ച് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ; തെറ്റൊന്നും ചെയ്യാത്തതിനാൽ മാപ്പ് പറയില്ലെന്ന് അണ്ണാമലൈ

ചെന്നൈ: തമിഴ്നാട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ മാധ്യമപ്രവർത്തകരെ കുരങ്ങൻമാരെന്ന് വിളിച്ചതായി ആരോപണം. ഒക്ടോബർ 27നാണ് സംഭവം. ഗൂഢല്ലൂരിൽ നടന്ന ബി.ജെ.പിയുടെ പരിപാടിക്കിടെയായിരുന്നു അണ്ണാണമലൈയുടെ പരാമർശം. അണ്ണാമലൈയുടെ ബൈറ്റിനു വേണ്ടി എത്തിയ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് കുരങ്ങ് പരാമർശം ഉണ്ടായത്.

'ഇത് ഒളിയാക്രമണമാണോ? കുരങ്ങൻമാർ മരത്തിൽ കയറുന്നതുപോലെ നിങ്ങളെല്ലാവരും എന്നെ ചുറ്റിയിരിക്കുന്നത് എന്തിനാണ്? എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. ഞാൻ കഴിക്കുന്നതിന് മുമ്പ് നിങ്ങളോട് ഭക്ഷണം കഴിക്കാൻ ഞാൻ ബഹുമാനപുരസ്കരം പറഞ്ഞതല്ലേ? സംസ്ഥാനത്തെ നായ്ക്കൾക്കും പ്രേതങ്ങൾക്കും കള്ള കച്ചവടക്കാർക്കും വരെ ചോദ്യങ്ങൾ ചോദിക്കാം. അതിനൊക്കെ ഞാൻ മറുപടി പറയണോ?' എന്നായിരുന്നു അണ്ണാമലൈയുടെ പരാമർശം. കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡി.എം.കെ സംസ്ഥാന പ്രൊഹിബിഷൻ ആൻഡ് എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജി നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അണ്ണാമലൈ.

മാധ്യമപ്രവർത്തകരെക്കുറിച്ച് പറഞ്ഞതിന് മാപ്പ് പറയണമെന്ന് ഒക്ടോബർ 30ന് നടത്തിയ വാർത്താസമ്മേളനത്തിൽ റിപ്പേആർട്ടർമാർ ആവശ്യപ്പെട്ടപ്പോൾ അണ്ണാമലൈ വിസമ്മതിച്ചു.' ഞാൻ റിപ്പോർട്ടർമാരെ കുരങ്ങൻമാരെന്ന് വിളിച്ചിട്ടില്ല. ബൈറ്റ് ചോദിച്ച ശേഷം എന്നെ സംസാരിക്കാൻ അനുവദിക്കാതെ എന്തിനാണ് റിപ്പോർട്ടർമാർ കുരങ്ങൻമാരെപ്പോലെ ചാടുന്നതെന്നാണ് ഞാൻ ചോദിച്ചത്. രണ്ടും വ്യത്യസ്തമാണ്. ഞാൻ എവിടെയും കുരങ്ങൻ സഹോദരാ എന്നോ കുരങ്ങൻ റിപ്പോർട്ടർ എന്നോ വിളിച്ചിട്ടില്ല. എനിക്കല്ലാതെ മറ്റാർക്കും എന്റെ വാക്കുകൾ മാറ്റാൻ പറ്റില്ല' അണ്ണാമലൈ പറഞ്ഞു.

എന്നാൽ നേരിട്ട് വിളിച്ചില്ലെങ്കിലും വാക്കുകളുടെ ഉദ്ദേശ്യം അതുതന്നെയായിരുന്നെന്ന് പല മാധ്യമ പ്രവർത്തകരും വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാവ് അ​ദ്ദേഹത്തിന്റെ നിലപാട് തുടർന്നു. 'ആരാണ് ബഹുമാനപൂർവം സംസാരിക്കാത്തത്? ആരെയെങ്കിലും കുരങ്ങൻ എന്ന് വിളിക്കുന്നതും കുരങ്ങനെപ്പോലെ എന്ന് പറയുന്നതും ഒരു പോലെയാണ് എന്ന് നിങ്ങൾ കരുതിയാൽ അതിൽ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല' -അണ്ണാമലൈ പറഞ്ഞു.

'ഞാൻ മാപ്പ് പറയില്ല. ഒരിക്കലും തെറ്റ് ചെയ്തിട്ടില്ല. മാപ്പ് പറയുന്നത് എന്റെ രക്തത്തിൽ ഇല്ല. ഞാൻ തെറ്റൊന്നും ചെയ്യാത്തപ്പോൾ എന്തിന് മാപ്പ് പറയണം? എന്റെ പ്രസ് മീറ്റുകൾ കവർ ചെയ്യണോ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടമാണ്. ആരെങ്കിലും കടുവയെപ്പോലെ നടന്നുവെന്ന് ഞാൻ പറഞ്ഞാൽ, അതിനർഥം നിങ്ങൾ കടുവയാണെന്നാണോ? നിങ്ങൾ ഒരു കടുവയാണോ? ശരി, നിങ്ങൾ ഒരു കടുവയെപ്പോലെ ചാടുക. ഷബീർ അഹമ്മദ് എന്നോട് കടുവയെപ്പോലെ ഒരു ചോദ്യം ചോദിച്ചു എന്ന് ഞാൻ പറഞ്ഞാൽ, നിങ്ങൾ എന്നെ കടിക്കുമോ എന്ന് നോക്കാം? ഇവയെല്ലാം രൂപകങ്ങളാണ്."- അണ്ണാമലൈ വിശദീകരിച്ചു. 

Tags:    
News Summary - TN BJP chief Annamalai says he didn’t call journalists monkeys

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.